oommenchandy-

കൊച്ചി : മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് മുതിർന്ന നേതാവുമായ ഉമ്മൻ ചാണ്ടി വിദഗ്ദ്ധ ചികിത്സയ്ക്കായി ജർമ്മനിയിലേക്ക് പോകും. കൊച്ചി രാജഗിരി ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വിശ്രമത്തിലാണ് അദ്ദേഹം. സാമൂഹിക മാദ്ധ്യമങ്ങളിലടക്കം ഉമ്മൻചാണ്ടിയുടെ ആരോഗ്യത്തെ കുറിച്ച് വ്യാജപ്രചരണങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് കുടുംബം അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ചും, ജർമ്മനിയിൽ ചികിത്സയ്ക്കായി ഉടൻ പോകും എന്നതിനെ കുറിച്ചും വ്യക്തമാക്കിയത്. ഉമ്മൻചാണ്ടിക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നില്ലെന്നായിരുന്നു പ്രചരണം.

എന്നാൽ ആളുകൾ കാര്യങ്ങൾ വേണ്ട വിധം മനസിലാക്കാതെയാണ് പ്രചരിപ്പിക്കുന്നതെന്ന് ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പ്രതികരിച്ചു. ഇപ്പോഴത്തെ പ്രചരണങ്ങളിൽ കുടുംബത്തിന് വളരെയധികം ദുഖമുണ്ടെന്നും ഈ അസുഖം മുൻപ് രണ്ട് തവണ ഉമ്മൻചാണ്ടിക്കുണ്ടായിട്ടുണ്ടെന്നും മകൻ വെളിപ്പെടുത്തി. 2015ലും 2019ലും അസുഖം വന്നു. ആദ്യം വന്നപ്പോൾ ഒൻപത് മാസം കഴിഞ്ഞാണ് ഭേദമായത്. രണ്ടാമത് വന്നപ്പോൾ ചികിത്സയ്ക്കായി അമേരിക്കയിലും, ജർമ്മനിയിലും പോയിരുന്നു. പാർശ്വഫലങ്ങളില്ലാത്ത ചികിത്സ തിരക്കിയാണ് കുടുംബം അദ്ദേഹത്തെ ജർമ്മനിയിലേക്ക് കൊണ്ടുപോയതെന്നും ഒരു സ്വകാര്യ ചാനലിനോട് പ്രതികരിക്കവേ ചാണ്ടി ഉമ്മൻ പറഞ്ഞു. ആലുവ പാലസിൽ രമേശ് ചെന്നിത്തലയടക്കമുള്ള മുതിർന്ന നേതാക്കൾ ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചു.