azeem

ഒടുവിൽ അസീം മൻസൂരി എന്ന ഇരുപത്തിയേഴുകാരന്റെ ജീവിതത്തിലും ഒരു പെൺകുട്ടി കടന്നു വരുകയാണ്. ഇതിൽ എന്താണ് ഇത്ര പ്രത്യേകത എന്നല്ലേ, ഒരു പെണ്ണ് കെട്ടാൻ ഈ പഹയൻ കാണിച്ചു കൂട്ടിയ പുകിൽ ചില്ലറയൊന്നും അല്ല എന്നത് തന്നെ. കേവലം 30 ഇഞ്ച് ഉയരമുള്ളഅസീം മൻസൂരി ഏറെ നാളായി വൈവാഹിക ജീവിതം ഒരു സ്വപ്നമായി കൊണ്ടു നടക്കുകയാണ്. സ്വന്തമായും, കുടുംബക്കാരും സുഹൃത്തുക്കളുമെല്ലാം അന്വേഷിച്ചിട്ടും ഫലം കാണാതെ വന്നതോടെ 2019 ൽ മുൻ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിനെ കണ്ടാണ് അസീം മൻസൂരി തന്റെ ആവശ്യം പറഞ്ഞത്. പല പ്രശ്നങ്ങളും കേട്ടിട്ടുണ്ടെങ്കിലും ഈ ആവശ്യം കേട്ട അഖിലേഷ് പോലും ഞെട്ടിപ്പോയി. എന്നാൽ താൻ പറഞ്ഞത് സീരിയസാണെന്ന് തെളിയിക്കാൻ നിരവധി തവണ അസീം പൊലീസ് സ്റ്റേഷനിൽ കയറി ഇറങ്ങി പെണ്ണിന് വേണ്ടി പരാതി നൽകി. ഒടുവിൽ പൊലീസും അവഗണിക്കുന്നു എന്ന് മനസിലായപ്പോൾ കഴിഞ്ഞ വർഷം കൈരാന പൊലീസ് സ്റ്റേഷന് മുന്നിൽ നിരാഹര സമരം വരെ നടത്തി.

ഇനി വിവാഹം
നിരാഹാര സമരവും, കേസ് കൊടുക്കലുമെല്ലാം ഫലം കണ്ടു എന്ന് വേണം കരുതാൻ. ഒരു വിവാഹത്തിനായി കാത്തിരുന്ന അസീമിനെ തേടി അടുത്തിടെ രണ്ട് വിവാഹ ആലോചനയാണ് എത്തിയത്. ഇതിൽ ഉയരം കൊണ്ടും വണ്ണം കൊണ്ടും തനിക്ക് അനുയോജ്യയായ വധുവിനെ അസീം ഉറപ്പിക്കുകയായിരുന്നു. നവംബർ ആദ്യവാരം വിവാഹം നടത്താനാണ് വീട്ടുകാരുടെ തീരുമാനം. ബുഷ്റ എന്നാണ് പെൺകുട്ടിയുടെ പേര്.

'എനിക്ക് വളരെ സന്തോഷമുണ്ട്. അവൾ വിദ്യാസമ്പന്നയാണ്, പാചകം ചെയ്യാൻ അറിയാം, ഇപ്പോൾ കൊമേഴ്സിൽ ബിരുദത്തിനായി പഠിക്കുന്നു. ഞാൻ അവളോട് പഠനം നിർത്താൻ ആവശ്യപ്പെടില്ല, എന്റെ ഏകാന്തതയുടെ നാളുകൾ അവസാനിച്ചു,' ഒരു മാദ്ധ്യമത്തിനോട് ആവേശഭരിതനായ അസീം പറഞ്ഞു. വിവാഹം ലളിതമായി നടത്തണമെന്നാണ് അസീമിന്റെ ആഗ്രഹം. എന്നാൽ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രതിപക്ഷത്തുള്ള അഖിലേഷ് യാദവും എത്തണമെന്നുള്ള ആഗ്രഹവും ഇദ്ദേഹം പങ്കു വയ്ക്കുന്നു. വിവാഹത്തിനായി അഞ്ച് സെറ്റ് കുർത്ത പൈജാമകളും ഷെർവാണിയും ഒരുക്കി ദിവസങ്ങൾ എണ്ണിയിരിക്കുകയാണ് പുതുമണവാളൻ ഇപ്പോൾ.