taskin

ബ്രിസ്ബെയ്ൻ: ട്വന്റി-20 ലോകകപ്പ് സൂപ്പർ 12 ഗ്രൂപ്പിൽ ഇന്നലെ നടന്ന നിർണായക മത്സരത്തിൽ സിംബാബ്‌വെയ്ക്കെതിര ബംഗ്ലാദേശിന് 3 റൺസിന്റെ നാടകീയ ജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 150 റൺസെടുത്തു. മറുപടിക്കിറങ്ങിയ സിംബാബാ‌വെ പടിക്കൽ കലമുടക്കുകയായിരുന്നു. 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 147 റൺസിന്റെ അവരുടെ വെല്ലുവിളി അവസാനിച്ചു. അവസാന പന്തിൽ സിംബാബ്‌വെയ്ക്ക് ജയിക്കാൻ അഞ്ച് റൺസാണ് വേണ്ടിയിരുന്നത്. മൊസദക്ക് ഹുസൈൻ എറി‍ഞ്ഞ അവസാന ഓവറിലെ അവസാന പന്ത് ക്രിസീൽ നിന്നിറങ്ങി അടിക്കാനുള്ള സിംബാബ‌വെ ബാറ്റർ ബ്ലെസിംഗ് മുസറബാനിയുടെ ശ്രമം പരാജയപ്പെടുകയും ബംഗ്ലാദേശ് വിക്കറ്ര് കീപ്പർ നൂറുൾ ഹുസൈൻ സ്റ്റമ്പ് ചെയ്യുകയും ചെയ്തു. ബംഗ്ലാദേശ് 4റൺസിന് വിജയച്ചുവെന്ന് അറിയിപ്പും വന്നു. എന്നാൽ റീപ്ലേയിൽ നൂറുൾ ഹുസൈൻ സ്റ്റമ്പിന് മുന്നിൽ നിന്ന് പന്ത് പിടിച്ചുവെന്ന് വ്യക്തമായതോടെ തേർഡ് അമ്പയർനോബോൾ വിളിക്കുകയും ഡഗൗട്ടിലേക്ക് മടങ്ങിയ താരങ്ങളെ തിരിച്ചു വിളിക്കുകയുമായിരുന്നു. എന്നാൽ ഫ്രീഹിറ്റായി ലഭിച്ച പന്തിലും മുസർബാനി ബീറ്റൺ ആയതോടെ ബംഗ്ലാദേശ് മൂന്ന് റൺസിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു.

സൂപ്പ‌ർ താരം സിക്കന്തർ റാസ (0)​ ഉൾപ്പെടെ നിറം മങ്ങിയ മത്സരത്തിൽ ഒരു ഘട്ടത്തിൽ 35/4 എന്ന നിലയിൽ ആയിരുന്നിടത്തു നിന്നാണ് റജിസ് ചകാബ്വായേയും (15)​,​ റയാൻ ബേളിനേയും ( പുറത്താകാതെ 25 പന്തിൽ 27) കൂട്ടുപിടിച്ച് ​സീൻ വില്യംസ് (42 പന്തിൽ 64)​ സിംബാ‌ബ്‌വെയെ വിജയവഴിയിലേക്ക് കൊണ്ടുവന്നത്. 19-ാം ഓവറിൽ ബംഗ്ലാ ക്യാപ്ടൻ ഷക്കീബുൾ ഹസന്റെ തകർപ്പൻ ത്രോയിൽ സീൻ റണ്ണൗട്ടായത് സിംബാബ്‌വെയ്ക്ക് വലിയ തിരിച്ചടിയാവുകയായിരുന്നു. 8 ഫോറുൾപ്പെട്ടതാണ് സീൻ വില്യംസിന്റെ ഇന്നിംഗ്സ്.

ബംഗ്ലാദേശിനായ ടസ്കിൻ അഹമ്മദ് 4 ഓവറിൽ ഒരു മെയ്ഡനുൾപ്പെടെ 19 റൺസ് നൽകി മൂന്ന് വിക്കറ്റ് വീഴ്ത്തി. മൊസദ്ദേക്കും മുസഫിസുറും രണ്ട് വിക്കറ്ര് വീതം നേടി.

നേരത്തേ ട്വന്റി-20യിലെ ആദ്യ അർദ്ധ സെഞ്ച്വറി നേടിയ ഓപ്പണർ നജ്മൽ ഹൊസൈൻ ഷാന്റോയുടെ (55 പന്തിൽ 71)​ മികവിലാണ് ബംഗ്ലാദേശ് ഭേദപ്പെട്ട സ്കോറിൽ എത്തിയത്. അഫിഫ് ഹൊസൈൻ (19 പന്തിൽ 29)​ ഷാക്കിബ് അൽ ഹസ്സൻ (23)​ എന്നിവരും തിളങ്ങി. സിംബാബ്‌വെയ്ക്കായി എൻഗരാവയും മുസറബാനിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.