
തിരുവനന്തപുരം : കാലാവസ്ഥാവ്യതിയാനത്തിനെതിരെ കായിക വ്യായാമങ്ങളിലൂടെ ബോധവത്കരണം നടത്താൻ അന്താരാഷ്ട്ര കായിക സംഘടനയായ 'ദ അസോസിയേഷൻ ഫോർ ഇന്റർനാഷണൽ സ്പോർട്സ് ഫോർ ആൾ". ഈ മാസം 19 മുതൽ 22വരെ ദക്ഷിണകൊറിയയിലെ ബുസാനിൽ നടന്ന സംഘടനയുടെ ഏഷ്യൻ കോൺഫറൻസിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത് മലയാളിയായ എ. സറഫ് ആണ്. അഞ്ചു കിലോമീറ്ററിൽ താഴെയുള്ള യാത്രകൾക്ക് വാഹനങ്ങൾ ഒഴിവാക്കി നടത്തത്തെ പ്രോത്സാഹിപ്പിക്കുകയാണ് സംഘടന ലക്ഷ്യമിടുന്നത്. നടത്തവും മറ്റ് കായിക വ്യായാമങ്ങളിലും കൊണ്ടുള്ള ആരോഗ്യപരമായ ഗുണങ്ങളെപ്പറ്റി സംഘടന പ്രചാരണം നടത്തും. ഏഷ്യൻ കോൺഫറൻസിനുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിച്ചത് മുൻ കായിക താരവും സ്റ്റേറ്റ് ജി.എസ്.ടി ഡിപ്പാർട്ട്മെന്റ് അഡിഷണൽ കമ്മിഷണമായ എ. സറഫായിരുന്നു. ആക്ടീവ് സിറ്റീസ് ഇൻ ഇന്ത്യ എന്ന വിഷയത്തിൽ ഇദ്ദേഹം പ്രബന്ധവും അവതരിപ്പിച്ചു.
1988ൽ റോളർ സ്കേറ്റിംഗിൽ ദേശീയ ചാമ്പ്യനും സൈക്ളിംഗിൽ ദേശീയ മെഡൽ ജേതാവുമായിരുന്നു സറഫ് . 1996മുതൽ 99വരെ കേരള യൂണിവേഴ്സിറ്റി സൈക്ളിംഗ് കോച്ചായിരുന്നു. സൈക്ളിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ടെക്നിക്കൽ കമ്മിറ്റി കൺവീനറും ചെയർമാനുമായിരുന്നു. ഇന്റർനാഷണൽ സൈക്ളിംഗ് യൂണിയൻ യോഗ്യതയുള്ള കോണ്ടിനെന്റൽ കമ്മിഷണർ, സൈക്ളിംഗ് ഫെഡറേഷന്റെ ചീഫ് കമ്മിഷണർ, സാർക്ക് സൈക്ളിംഗ് ഫെഡറേഷന്റെ സെക്രട്ടറി സ്ഥാനങ്ങളും അലങ്കരിച്ചിട്ടുണ്ട്. ഇന്റർനാഷണൽ ഒളിമ്പിക് കമ്മറ്റിയുടെ പിന്തുണയോടെയാണ് സ്പോർട്സ് ഫോർ ആൾ ഏഷ്യാ പ്രോജക്ട് ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ടത്. 2017ൽ സോളിലും 2019ൽ ടോക്യോയിലും നെതർലാൻഡ്സിലും നടന്ന ആഗോള കോൺഫറൻസുകളിൽ പങ്കെടുത്തിട്ടുണ്ട്. ജപ്പാനിൽ നടന്ന ഏഷ്യൻ സൈക്ളിംഗ് ചാമ്പ്യൻഷിപ്പിന്റെ കമ്മിഷണറായിരുന്നു. തിരുവനന്തപുരം കരമന സ്വദേശിയായ ഇദ്ദേഹം കാഞ്ചീപുരം ശ്രീ ചന്ദ്രശേഖരേന്ദ്ര സരസ്വതി വിശ്വ മഹാവിദ്യാലയ യൂണിവേഴ്സ്റ്റിയിലെ പാർട്ട്ടൈം ഗവേഷക വിദ്യാർത്ഥി കൂടിയാണ്.