
ബാലാഘട്ട് : ക്ഷേത്രത്തിൽ നിന്നും മോഷ്ടിച്ച പൂജാ വസ്തുക്കൾ തിരികെ എത്തിച്ച് മോഷ്ടാവിന്റെ മനംമാറ്റം. മദ്ധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയിലെ ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ച വെള്ളിയിലും പിച്ചളയിലും നിർമ്മിച്ച പൂജാ വസ്തുക്കളാണ് മോഷ്ടാവ് തിരികെ എത്തിച്ചത്. ഒക്‌ടോബർ 24നാണ് ലാംത പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ശാന്തിനാഥ് ദിഗംബർ ജൈനക്ഷേത്രത്തിൽ നിന്ന് 'ഛത്രസ്' ഉൾപ്പടെയുള്ള സാധനങ്ങൾ മോഷണം പോയത്.
മോഷണക്കേസിൽ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ചാക്കിൽക്കെട്ടിയ നിലയിൽ മോഷണ മുതലുകൾ തിരികെ എത്തിയത്. ലാംതയിലെ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ഒരു കുഴിയിൽ നിന്നുമാണ് ഇവ ലഭിച്ചത്. മോഷണ വസ്തുക്കൾക്കൊപ്പം ഒരു കത്തുമുണ്ടായിരുന്നു. 'എന്റെ പ്രവൃത്തിയിൽ ഞാൻ മാപ്പ് ചോദിക്കുന്നു, എനിക്ക് തെറ്റ് പറ്റി, എന്നോട് ക്ഷമിക്കൂ, മോഷണത്തിന് ശേഷം ഞാൻ ഒരുപാട് കഷ്ടപ്പെട്ടു' എന്നാണ് കത്തിൽ മോഷ്ടാവ് കുറിച്ചത്. എന്നാൽ മോഷ്ടാവിനോട് ക്ഷമിക്കാനാവില്ലെന്ന നിലപാടിൽ കേസ് അന്വേഷണം തുടരുകയാണ് പൊലീസ്.