
ഹൈദരാബാദ്: സംസ്ഥാനത്തെ കേസുകൾ അന്വേഷിക്കാൻ സി.ബി.ഐയ്ക്ക് നൽകിയ പൊതുഅനുമതി പിൻവലിച്ച് തെലങ്കാന സർക്കാർ. പൊതുസമ്മതം പിൻവലിച്ച നടപടി സർക്കാർ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. ഇനി അന്വേഷണം നടത്തണമെങ്കിൽ മുൻകൂർ അനുമതി തേടണം. ഡൽഹി സ്പെഷ്യൽ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിൽ ഉൾപ്പെടുന്ന എല്ലാ അംഗങ്ങൾക്കും നിയമപ്രകാരമുള്ള അധികാരങ്ങളും അധികാരപരിധിയും വിനിയോഗിക്കാനുള്ള അനുമതി തെലങ്കാന സംസ്ഥാനത്ത് നീക്കം ചെയ്തതായി ഇന്നലെ പുറത്തു വന്ന ഉത്തരവിൽ പറയുന്നു.
ഡൽഹി സ്പെഷ്യൽ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് സെക്ഷൻ ആറ് പ്രകാരം രാജ്യത്തുടനീളമുള്ള കേസുകൾ അന്വേഷിക്കാൻ സി.ബി.ഐക്ക് അധികാരമുണ്ട്. എന്നാൽ, അന്വേഷണം നടത്താൻ സംസ്ഥാന സർക്കാരുകളുടെ അനുമതി ആവശ്യമാണ്. ഈ അനുമതിയാണ് ഇപ്പോൾ നീക്കം ചെയ്തിരിക്കുന്നത്. സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും അനുമതി ഉണ്ടെങ്കിൽ സംസ്ഥാന സർക്കാരുകളുടെ അനുമതി ഇല്ലെങ്കിലും സി.ബി.ഐക്ക് അന്വേഷണം നടത്താം. 2016 സെപ്തംബറിലാണ് അധികാരം വിനിയോഗിക്കാൻ സി.ബി.ഐക്ക് തെലങ്കാന സർക്കാർ അനുമതി നൽകുന്നത്.
ബി.ജെ.പി ആരോപണം
ബി.ജെ.പിയുമായി ബന്ധമുള്ള ചിലർ ടി.ആർ.എസിലെ എം.എൽ.എമാരെ വിലക്കെടുക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ഗുജ്ജുല പ്രേമേന്ദർ റെഡ്ഢി തെലങ്കാന ഹൈക്കോടതിയെ സമീപിച്ചതിനു തൊട്ടുപിന്നാലെയാണ് ഈ നടപടി. ബി.ജെ.പിയെ അപകീർത്തിപ്പെടുത്താനുള്ള മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ പാർട്ടിയുടെ ഗൂഢാലോചനയാണിതെന്നും കോടതി ഉത്തരവനുസരിച്ച് സി.ബി.ഐയോ പ്രത്യേക അന്വേഷണ സംഘമോ (എസ്.ഐ.ടി) പോലെയുള്ള നിഷ്‌പക്ഷ ഏജൻസിയാണ് ഈ കേസ് അന്വേഷിക്കേണ്ടതെന്നും പ്രേമേന്ദർ റെഡ്ഢി കോടതിയിൽ വാദിച്ചിരുന്നു.
മുഖ്യമന്ത്രി തിരക്കഥയും നിർമ്മാണവും സംവിധാനവുമൊരുക്കിയ നാടകമാണിതെന്ന ആരോപണവുമായി ബി.ജെ.പി നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മിഷനെയും സമീപിച്ചു. എന്നാൽ, കേന്ദ്ര അന്വേഷണ ഏജൻസിക്ക് നൽകിയ എല്ലാ പൊതു അനുമതികളും ആഗസ്റ്റിൽ തന്നെ സർക്കാർ പിൻവലിച്ചിരുന്നു എന്ന് ഗുജ്ജുല പ്രേമന്ദർ റെഡ്ഢിയുടെ ഹർജിയിൽ നടന്ന വാദത്തിനിടെ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ (എ.എ.ജി) ഹൈക്കോടതിയെ അറിയിച്ചു.
ഈ ആഴ്ച ആദ്യം ബി.ജെ.പിയിലേക്കു മാറാൻ ടി.ആർ.എസിലെ നാല് എം.എൽ.എമാർക്ക് കൈക്കൂലി നൽകിയ സംഭവത്തിൽ മൂന്ന് പേരെ ഹൈദരാബാദിനു സമീപമുള്ള ഫാം ഹൗസിൽ നിന്ന് പൊലീസ് അറസ്റ്ര് ചെയ്തിരുന്നു. എം.എൽ.എമാരിൽ ഒരാളും ഫാം ഹൗസ് ഉടമയുമായ പൈലറ്റ് രോഹിത് റെഡ്ഢിയാണ് ഇടപാടിനെക്കുറിച്ച് വിവരം നൽകിയതെന്നാണ് പൊലീസ് പറയുന്നത്. നാല് എം.എൽ.എമാർക്കുമായി 250 കോടി നൽകാൻ ശ്രമിച്ചെന്ന റെഡ്ഢിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. പാർട്ടി മാറാൻ തങ്ങളെ പ്രലോഭിപ്പിക്കുന്നതായും പണവും കരാറുകളും സ്ഥാനങ്ങളും വാഗ്ദാനം ചെയ്തെന്നും എം.എൽ.എമാർ പൊലീസിനെ അറിയിച്ചതായാണ് റിപ്പോർട്ട്. ബി.ജെ.പിയിൽ ചേർന്നില്ലെങ്കിൽ ക്രിമിനൽ കേസുകളും ഇ.ഡിയുടെയും, സി.ബി.ഐയുടെയും റെയ്ഡുകൾ നേരിടേണ്ടി വരുമെന്നും ടി.ആർ.എസ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ അട്ടിമറിക്കപ്പെടുമെന്നും ഭീഷണിപ്പെടുത്തിയതായി എഫ്.ഐ.ആറിൽ പറയുന്നു.
എല്ലാ സംസ്ഥാന സർക്കാരുകളും സി.ബി.ഐക്ക് നൽകിയിട്ടുള്ള പൊതു അനുമതി പിൻവലിക്കണമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പിന്തുണച്ച് കെ.ചന്ദ്രശേഖര റാവു ആഗസ്റ്റിൽ പറഞ്ഞിരുന്നു. തങ്ങളുടെ രാഷ്ട്രീയ എതിരാളികൾക്കെതിരെ ഉന്നം വച്ച് സി.ബി.ഐ ഉൾപ്പെടെയുള്ള എല്ലാ കേന്ദ്ര അന്വേഷണ ഏജൻസികളെയും കേന്ദ്രം ദുരുപയോഗം ചെയ്യുകയാണ്. ഇത് ഇപ്പോൾ അവസാനിപ്പിക്കണമെന്നും അതിനായി എല്ലാ സംസ്ഥാന സർക്കാരുകളും സി.ബി.ഐക്കുള്ള അനുമതി പിൻവലിക്കണമെന്നും റാവു അന്ന് പറഞ്ഞു.