
ബാലഗോപാൽ മന്ത്രിയെ ഗവർണർ ഖാൻ സാഹിബ് പിടിച്ചത് പോലെ എന്ന് നാട്ടുകാർ പറഞ്ഞുനടക്കുന്നു. സംഗതി വല്ലാത്ത പിടിയാണ്. പിടിച്ചത് വളരെ നിരുപദ്രവകാരിയായ ബാലഗോപാൽമന്ത്രിയെ ആണ്. പിടിച്ചതോ തനി രാവണൻ ഖാൻ സാഹിബും. ബാലഗോപാൽമന്ത്രിയെ ഉടലോടെ പിടികൂടി, ആ ഉടലിനകത്തെ പ്രീതിയെ ഗവർണർ തിരിച്ചെടുത്തിരിക്കുകയാണ്. ഈ തൃശൂരിനെ ഞാനിങ്ങെടുക്കുവാ എന്ന് സുരേഷ്ഗോപിജി പറഞ്ഞത് പോലെയല്ല സംഗതി. പറഞ്ഞത് ഖാൻ സാഹിബാണ്. സുരേഷ്ഗോപിയല്ല. ഈ ബാലഗോപാൽമന്ത്രിക്കകത്തെ പ്രീതിയെ ഞാനിങ്ങെടുക്കുവാ എന്നാണ് പറഞ്ഞിട്ടുള്ളത്. എടുക്കുന്നത് പ്രീതിയാണ്. തൃശൂരല്ല. പ്രീതിയല്ല തൃശൂർ. തൃശൂരല്ല പ്രീതി.
എടുത്താൽ പൊന്താത്ത ഖജനാവാണ് പിണറായി സഖാവ് ബാലഗോപാൽമന്ത്രിയെ ഏല്പിച്ചത് എന്നതുകൊണ്ട് ആൾ ബലവാനാണ് എന്നാരും ധരിക്കേണ്ട. ഖജനാവിനെ താങ്ങിനിറുത്തണമെങ്കിൽ ചുവപ്പ്, മഞ്ഞ, പച്ച തുടങ്ങിയ കളറുകളിലെ നീളൻ കുർത്ത, ഒരു മാതിരി വല്ലാത്ത താടി (ചിലർ അതൊരു വശപ്പിശക് താടിയെന്നും പറയുന്നുണ്ട്, സ്വപ്നസുരേഷിനെ പോലുള്ളയാളുകൾ), ഒരു കുഞ്ഞു കുംഭ എന്നിത്യാദി കലകൾ ആവശ്യമുള്ളതാണ്. ആ കുംഭയ്ക്കകത്ത് പരമാവധി ഭാരം താങ്ങിനിറുത്താനാവണം. പിന്നെ കവിത, പദ്യം, ആട്ടക്കഥ, ചമ്പു എന്നിത്യാദി കാര്യങ്ങളിൽ അവഗാഹമുണ്ടാകണം. അതൊക്കെയായി നിറഞ്ഞുതുളുമ്പുന്ന ബഡ്ജറ്റ് പെട്ടി കാണുന്നതിന് തന്നെ ഒരു ഗാംഭീര്യവും സൗന്ദര്യവുമൊക്കെ തോന്നും. കവിതാചാപല്യമുള്ളവർ ലോലഹൃദയരാകുന്നത് സ്വാഭാവികമാണ്. എന്നാൽ കവിത വറ്റിയ ബഡ്ജറ്റ് പെട്ടിയും കൊണ്ട് വരുന്ന ബാലഗോപാൽമന്ത്രിക്ക് അങ്ങനെയുള്ള ലോലഹൃദയമുണ്ടെന്ന് പറയാനാവില്ല. താമസസൗകര്യമില്ലാത്ത മൂന്നാറിലേക്ക് പോയിട്ട് താമസസൗകര്യമുള്ള ചിന്നക്കട മുക്കിലേക്ക് പോലും ബാലഗോപാൽ മന്ത്രി ആരെയെങ്കിലും ക്ഷണിക്കുമെന്ന് കരുതാനാവില്ല.
ലോലഹൃദയമില്ലാത്ത ബാലഗോപാൽമന്ത്രിയെക്കൊണ്ട് ഒരു വിധം മയമുള്ള ബഡ്ജറ്റ് തട്ടിക്കൂട്ടിയെടുക്കാൻ പിണറായി സഖാവ് പെടുന്ന പാട് ചില്ലറയല്ല. ആൾ ഒട്ടുമേ ബലവാനല്ല. തീർത്തും നിരുപദ്രവകാരി. ഒരു ഖജനാവ് പോലും കൊണ്ടുനടക്കാൻ പാടുപെടുന്ന ബാലഗോപാൽമന്ത്രിയെ തന്നെ ഗവർണർ ഖാൻ സാഹിബ് പിടികൂടിയത് എന്തിനാണ് എന്നാണ് ഒട്ടും മനസിലാവാത്ത ചോദ്യം. എന്താണ് അതിന്റെയൊരു സംഗതി ?
ഉത്തരപ്രദേശത്ത് നിന്ന് വരുന്നയാളുകൾക്ക് കേരളം കണ്ടാൽ മനസ്സിലാവില്ലെന്ന് ബാലഗോപാൽ മന്ത്രി പറഞ്ഞെന്നാണ് ഖാൻ സാഹിബ് പറയുന്നത്. ഖാൻ സാഹിബിനെ പറഞ്ഞോളൂ. പക്ഷേ ഉത്തർപ്രദേശിനെപ്പറ്റി പറയരുത്. ഉത്തരപ്രദേശ് ആണ് ഖാൻ സാഹിബിന്റെ മർമ്മം. ബിന്ദുമന്ത്രി, ഖാൻസാഹിബിന്റെ തന്നെ കണക്കുവച്ച് നിയമമറിയില്ലാത്ത രാജീവ് മന്ത്രി എന്നിവരൊക്കെ ഖാൻ സാഹിബിനെ ഇനി പറയാനൊന്നും ബാക്കിയില്ല. എന്നിട്ടും അവരോട് പാതാളത്തോളം ക്ഷമിച്ച വിശാലമനസാണ് ഖാൻസാഹിബിന്റേത്. പക്ഷേ ബാലഗോപാൽ മന്ത്രിയെ ഖാൻസാഹിബ് കയറിപ്പിടിച്ചു. അവിടെ ക്ഷമിക്കാൻ സാധിക്കില്ല. അതാണ് വല്ലാത്ത പ്രഹേളികയായി ഇപ്പോൾ ദ്റോണർക്ക് പോലും തോന്നിപ്പോകുന്നത്.
ബാലഗോപാൽ മന്ത്രി രാജ്യദ്റോഹക്കുറ്റം ചെയ്തിരിക്കുന്നു എന്നാണ് ഖാൻ സാഹിബ് പറയുന്നത്. ദേശീയ ഐക്യത്തെയും അഖണ്ഡതയെയും ബാലഗോപാൽമന്ത്രി തകർത്തുകളഞ്ഞിരിക്കുന്നു. അങ്ങനെയുള്ള മന്ത്രിയെ വെറുതെ വിടാനാവില്ല. അതുകൊണ്ടാണ് കയറിപ്പിടിച്ചത്. ആസകലം പിടിച്ചു. മന്ത്രി ആ കരവലയത്തിനകത്ത് കിടന്ന് ഞെരിപിരി കൊള്ളുകയാണെന്ന് നാട്ടുകാർ പറയുന്നു.
ഖാൻ സാഹിബ് ഇപ്പോൾ പിടിച്ചിട്ടേയുള്ളൂ. ഇനി എന്തൊക്കെയാണ് സംഭവിക്കാനിരിക്കുന്നത് എന്ന് ചിന്തിക്കുമ്പോൾ ആകപ്പാടെ ഒരു ഉൾക്കിടിലമുണ്ടാകുന്നുണ്ട്. ഖാൻ സാഹിബ് എന്തിനും മടിയില്ലാത്ത ആളാണ്. ഭൂമിയിൽ തീമഴ പെയ്യിക്കാനും ആകാശത്ത് നിന്ന് ഉൽക്കകളെ വീഴ്ത്താനും ഖാൻ സാഹിബ് വിചാരിച്ചാൽ സാധിക്കും. ഒരുമാതിരിപ്പെട്ട പേടിയൊന്നും ബാധിക്കാത്ത പിണറായി സഖാവിനെ പോലും പേടിപ്പിക്കാൻ ഇപ്പോൾ ഖാൻസാഹിബ് വരുന്നുണ്ടെന്ന് പറഞ്ഞാൽ മതിയത്രെ.
ഖാൻ സാഹിബ് പക്ഷേ പിടിച്ചിരിക്കുന്നത് ബാലഗോപാൽമന്ത്രിയെ ആണ്. പിണറായി സഖാവിനെ പോലുമല്ല. ബിന്ദുമന്ത്രിയെ അല്ല. രാജീവ് മന്ത്രിയെ അല്ല. പാവപ്പെട്ട ബാലഗോപാൽമന്ത്രിയെ ആണ്. പാവങ്ങളെ പിടികൂടാൻ എളുപ്പമായത് കൊണ്ടാണ് എന്ന് ദ്റോണർ പറയുന്നില്ല. അത് ഖാൻ സാഹിബിനോടുള്ള അസൂയ കൊണ്ടാണെന്ന് ആളുകൾ തെറ്റിദ്ധരിക്കും.
ഏതായാലും പിടിച്ചു. ഇനി എന്താണെന്ന് ആർക്കറിയാം!
.....................................
- കെജരിവാൾജി കവടി നിരത്തിയപ്പോൾ പ്രശ്നവശാൽ തെളിഞ്ഞത് നൂറിന്റെയും അഞ്ഞൂറിന്റെയും ഇരുന്നൂറിന്റെയും നോട്ടിൽ ലക്ഷ്മിയുടെയും ഗണപതിയുടെയും ചിത്രം പതിപ്പിക്കണമെന്നതാണ്. കെജരിവാൾജി ആൾ ബഹുകേമനാണ്. രൂപയുടെ മൂല്യം ഇടിഞ്ഞിടിഞ്ഞ് താഴോട്ടാണ്. ജാതകദോഷം, കണ്ടകശനി എന്നീ ലക്ഷണങ്ങൾ തോന്നിയിട്ടാണ് മഹാ ജ്യോതിഷിയായ ഗണിതഭൂഷണം പണ്ഡിറ്റ് കെജരിവാൾജി പ്രശ്നം ഗണിക്കാൻ ഇറങ്ങിത്തിരിച്ചത്. രൂപ വച്ചടിവച്ചടി കയറാൻ ലക്ഷ്മിയും ഗണപതിയും വേണമെന്ന് പ്രശ്നവശാൽ കണ്ടെത്തി.
കെജരിവാൾജിയുടെ ഐശ്വര്യപൂജ വച്ച് നോക്കുമ്പോൾ കള്ളപ്പണമെല്ലാം ഇനിയൊരു മുന്നറിയിപ്പുണ്ടാകുന്നത് വരെ തിരിച്ചെത്തിച്ച ന.മോ.ജിയുടെ നോട്ട് നിരോധനമൊന്നും ഒന്നുമല്ല. ശരിക്കും കാൽകഴുകി പൂജിക്കേണ്ടത് കെജരിവാൾജിയെ ആണ്. ന.മോ.ജിക്ക് പകരം വേണമെങ്കിൽ പ്രധാനമന്ത്രിയാക്കേണ്ടതും കെജരിവാൾജിയെ ആണെന്നാണ് ദ്റോണർക്ക് തോന്നുന്നത്.
ഇ-മെയിൽ:
dronar.keralakaumudi@gmail.com