
പെർത്ത്: ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കെയ്ക്കെതിരായ മത്സരത്തിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. മുൻ നിര ബാറ്റ്സ്മാൻമാരെയെല്ലാം 11 ഓവറിനുള്ലിൽ തന്നെ നഷ്ടമായ ഇന്ത്യൻ ടീമിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത് സൂര്യകുമാർ യാദവിന്റെ ഇന്നിംഗ്സായിരുന്നു. 40 ബോളിൽ 68 റൺസ് നേടിയ താരത്തിന്റ പ്രകടനത്തിലൂടെ ഇന്ത്യ സ്കോർ 133 തികച്ചു. ലുങ്കി എൻഗിഡിയുടെയും വെയ്ൻ പാർണലിന്റെയും ബോളിംഗ് മികവിന് മുന്നിൽ ഇന്ത്യൻ ബാറ്റ്സ്മാൻ അധിക നേരം ക്രീസിൽ ചിലവഴിക്കാതെ പവലിയനിലേയ്ക്ക് മടങ്ങി.
ലുങ്കി എൻഗിഡി നാല് വിക്കറ്റും വെയ്ൻ പാർണൽ മൂന്ന് വിക്കറ്റും ദക്ഷിണാഫ്രിക്കയ്ക്കായി വീഴ്ത്തി. ലുങ്കി എൻഗിഡി അഞ്ചാം ഓവറിന്റെ രണ്ടാം പന്തിൽ രോഹിത് ശർമയുടെയും (15) ആറാം പന്തിൽ കെ എൽ രാഹുലിനെയും (9) പുറത്താക്കി തുടക്കത്തിലെ തന്നെ ഇന്ത്യയെ സമ്മർദ്ദത്തിലാക്കി. ഏഴാം ഓവറിൽ തന്നെ മികച്ച ഫോമിലായിരുന്ന കൊഹ്ലിയെയും ഇന്ത്യയ്ക്ക് നഷ്ടമായി. ദിനേശ് കാർത്തികിനെ മറുവശത്ത് നിർത്തി സൂര്യകുമാർ യാദവ് നേടിയ അർധശതകത്തിന്റെ മികവിലാണ് ഇന്ത്യ ബാറ്റിംഗ് തകർച്ചയിൽ നിന്നും കരകയറി 133-ന് ഒമ്പത് എന്ന സ്കോറിലേയ്ക്ക് എത്തിച്ചേർന്നത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കും തുടക്കത്തിലേ തന്നെ വിക്കറ്റുകൾ നഷ്ടമായി. മൂന്ന് ബോളുകളിൽ നിന്ന് ഒരു റൺ മാത്രം നേടിയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ക്വിന്‍റണ്‍ ഡികോക്കിന്റെ വിക്കറ്റ് രണ്ടാം ഓവറിന്റെ തുടക്കത്തിൽ തന്നെ അർഷ്ദീപ് സിംഗ് സ്വന്തമാക്കി. റൈലി റൂസ്സോ രണ്ടാം ഓവറിൽ സംപൂജ്യനായി മടങ്ങി. 14 ബോളിൽ പത്ത് റൺസ് നേടിയ നായകൻ തെംബാ ബാവുമ വിക്കറ്റ് ആറാം ഓവറിൽ മുഹമ്മദ് ഷമി നേടി. നിലവിൽ മത്സരം എട്ട് ഓവർ പിന്നിടുമ്പോൾ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 35 റൺസ് നേടിയിട്ടുണ്ട്. ഏയ്‌ഡന്‍ മാര്‍ക്രവും ഡേവിഡ് മില്ലറുമാണ് ക്രീസിൽ തുടരുന്നത്.
ടീം ഇന്ത്യ
രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, അര്‍ഷ്‌ദീപ് സിംഗ്.
ടീം ദക്ഷിണാഫ്രിക്ക
ക്വിന്‍റണ്‍ ഡികോക്ക്(വിക്കറ്റ് കീപ്പര്‍), തെംബാ ബാവുമ(ക്യാപ്റ്റന്‍), റൈലി റൂസ്സോ, ഏയ്‌ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, വെയ്‌ന്‍ പാര്‍നല്‍, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുങ്കി എന്‍ഗിഡി, ആന്‍റിച്ച് നോര്‍ക്യ.