
തിരുവനന്തപുരം: പെൺസുഹൃത്ത് വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ പ്രതികരണവുമായി ഷാരോണിന്റെ പിതാവ്. ഷാരോണിനെ ഗ്രീഷ്മ വീട്ടിലേയ്ക്ക് വിളിച്ച് വരുത്തി കൊന്നതാണെന്നും പ്രതിയുടെ അമ്മയ്ക്കും ചേച്ചിയ്ക്കും കൊലപാതകത്തിൽ കൃത്യമായ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഷാരോണിനെ കൊലപ്പെടുത്തിയതായി ഗ്രീഷ്മ അന്വേഷണ സംഘത്തിന് മുന്നിൽ കുറ്റസമ്മതം നടത്തിയതിന് പിന്നാലെയായിരുന്നു പിതാവ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
“ബോധപൂർവം കൊലപ്പെടുത്തിയതാണ്. വീട്ടിലേക്ക് വിളിച്ചുവരുത്തി കൊന്നതാണ്. പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കും. അത് ഏതറ്റം വരെ പോയാലും. വിളിച്ചുവരുത്തി കൊന്നതാണ്. അമ്മയും മകളും ചേച്ചിയും കൂടെ ചേർന്ന്. ക്രൈംബ്രാഞ്ചിനോടും സർക്കാരിനോടും നന്ദി.”- ഷാരോണിന്റെ പിതാവ് അറിയിച്ചു.
അതേ സമയം കേസിൽ സംശയിച്ച കാര്യങ്ങൾ സത്യമായി വന്നതായി ഷാരോണിന്റെ അമ്മയും പ്രതികരിച്ചു. ഗ്രീഷ്മ നൽകിയ കഷായം കുടിച്ച ശേഷം വീട്ടിലെത്തിയ ഷാരോൺ നീലക്കളറിൽ ഛർദ്ദിച്ചിരുന്നതായും അന്ധവിശ്വാസത്തിന്റെ പേരിൽ മകനെ കൊന്നതാണെന്നും മാതാവ് വെളിപ്പെടുത്തി.
ഷാരോണിനെ കൊന്നതായി ഗ്രീഷ്മ ഇന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽ കുറ്റസമ്മതം നടത്തിയിരുന്നു. സെപ്‌തംബർ 14ന് റെക്കാഡ് ബുക്ക് തിരിച്ചുവാങ്ങാൻ തമിഴ്‌നാട്ടിൽ രാമവർമ്മൻ ചിറയിലുളള പെൺകുട്ടിയുടെ വീട്ടിലേക്ക് സുഹൃത്തിനൊപ്പം പോയ ഷാരോൺ രാജ് ഛർദ്ദിലും ദേഹാസ്വാസ്ഥ്യവുമായാണ് തിരികെ വന്നത്. യുവതി നൽകിയ കഷായവും ജ്യൂസും കുടിച്ച ശേഷമാണ് അസ്വസ്ഥതകൾ ഉണ്ടായിത്തുടങ്ങിയത്. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 25ന് മരണമടഞ്ഞു.ആദ്യം വിവാഹം കഴിക്കുന്ന ഭർത്താവ് പെട്ടെന്ന് മരിക്കുമെന്ന അന്ധവിശ്വാസം ഗ്രീഷ്‌മയുടെ കുടുംബത്തിനുണ്ടായിരുന്നു എന്ന് വെളിവാക്കുന്ന വാട്‌സാപ്പ് ചാറ്റുകൾ മുൻപ് പുറത്തുവന്നിരുന്നു. കൊലപാതകത്തിനായി ഗ്രീഷ്‌മ ആസൂത്രണം ചെയ്‌തിരുന്നു. ഇതിനായി ഗൂഗിളിൽ പരതിയതിന്റെയും തെളിവ് പൊലീസിന് ലഭിച്ചു. കഴിഞ്ഞ ദിവസമാണ് കേസിൽ പ്രത്യേക ക്രൈംബ്രാഞ്ച് സംഘം അന്വേഷണം തുടങ്ങിയത്.