india-south-africa

 ട്വന്റി-20 ലോകകപ്പ്: ഇന്ത്യ 5 വിക്കറ്റിന് ദക്ഷിണാഫ്രിക്കയോട് തോറ്റു

 പിടിച്ചു നിന്നത് സൂര്യകുമാർ മാത്രം

 ലുങ്കി എൻഗിഡിക്ക് 4 വിക്കറ്റ്

 മില്ലറും മർക്രവും തിളങ്ങി

പെർത്ത്: പെർത്തിലെ പേസി പിച്ചിൽ ലുങ്കി എൻഗിഡിയ്ക്ക് മുന്നിൽ മുൻനിര ബാറ്റ‌ർമാർ മുട്ടുമടക്കിയ

ട്വന്റി-20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ അഞ്ച് വിക്കറ്റിന്റെ തോൽവി. ആദ്യം ബാറ്ര് ചെയ്ത ഇന്ത്യ സൂര്യകുമാർ യാദവിന്റെ ഒറ്രയാൾ പോരാട്ടത്തിന്റെ പിൻബലത്തിൽ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് നേടി. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കും തുടക്കത്തിൽ തിരിച്ചടി നേരിട്ടെങ്കിലും ഡേവിഡ് മില്ലറുടേയും എയ്ഡൻ മർക്രത്തിന്റെയും ബാറ്റിംഗിന്റെ പിൻബലത്തിൽ രണ്ട് പന്ത് ശേഷിക്കെ വിജയലക്ഷ്യത്തിൽ എത്തുകയായിരുന്നു (137/5). ഫീൽഡിംഗിൽ അനായസ ക്യാച്ചുകളും റണ്ണൗട്ടും നഷ്ടമാക്കിയതും ഇന്ത്യയ്ക്ക് തിരിച്ചടിയായി.

ജയത്തോടെ ബി ഗ്രൂപ്പിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് 5 പോയിന്റുമായി ദക്ഷിണാഫ്രിക്ക പോയിന്റ് ടേബിളിൽ ഇന്ത്യയെ മറികടന്ന് ഒന്നാമതെത്തി. മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുള്ള ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങി.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ്മ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പാർനൽ എറിഞ്ഞ ആദ്യ ഓവർ ഫോം കണ്ടെത്താൻ വിഷമിക്കുന്ന കെ.എൽ രാഹുൽ മെയ്ഡനാക്കി. അടുത്ത ഓവറിൽ റബാഡയെ സിക്സടിച്ച് തുടങ്ങിയ രോഹിത് (15) പ്രതീക്ഷ നൽകിയെങ്കിലും അഞ്ചാം ഓവറിൽ ഷംസിക്ക് പരം ടീമിൽ ഉൾപ്പെട്ട ലുങ്കി എൻഗിഡിയെ പന്തേൽപ്പിക്കാനുള്ള ദക്ഷിണാഫ്രിക്കൻ ക്യാപ്ടൻ ബവുമയുടെ തീരുമാനം ഇന്ത്യയ്കക് ഇരട്ട പ്രഹരം ആവുകയായിരുന്നു. ആ ഓവറിലെ രണ്ടാം പന്തിൽ റിട്ടേൺ ക്യാച്ചിലൂടെ രോഹിതിനെയും അവസാന പന്തിൽ രാഹുലിനെ (9) സ്ലിപ്പിൽ മർക്രത്തിന്റെ കൈയിലും എത്തിച്ച് എൻഗിഡി ദക്ഷിണാഫ്രിക്കയ്ക്ക് ഡബിൾ ബ്രേക്ക് ത്രൂ നൽകി. 7-ാം ഓവറിലെ ആദ്യ രണ്ട് പന്തും ഫോറടിച്ച ഫോമിലുള്ള വിരാട് കൊഹ്‌ലിയെ അഞ്ചാം പന്തിൽ ഫൈൻ ലെഗ്ഗിൽ റബാഡയുടെ കൈയിൽ എത്തിച്ച് എൻഗിഡി അടുത്ത വെടിപൊട്ടിച്ചു. റബാഡയുടെ ക്യാച്ച് അതിമനോഹരമായിരുന്നു. പിന്നാലെ ദീപക് ഹൂഡ (0)​ നോർട്ട്‌ജെയ്ക്കും ഹാർദിക് പാണ്ഡ്യ (2)​ എൻഗിഡിക്കും വിക്കറ്റ് സമ്മാനിച്ചതോടെ 8.3 ഓവറിൽ 49/5 എന്ന വലിയ പ്രതിസന്ധിയിലായി ഇന്ത്യ.

അവിടെ നിന്ന് ആറാമനായെത്തിയ ദിനേഷ് കാർത്തിക്കിനെ ഒരറ്രത്ത് നിറുത്തി സൂര്യകുമാർ യാദവ് (40 പന്തിൽ 68)​ ഇന്ത്യയുടെ രക്ഷാപ്രവർത്തനം ഏറ്റെടുക്കുകയായിരുന്നു. 40 പന്തിൽ 52 റൺസിന്റെ കൂട്ടുകെട്ട് ഇരുവരും കൂടി ഉണ്ടക്കി. ഇതിൽ 6 റൺസ് മാത്രമായിരുന്നു കാർത്തിക്കിന്റെ സംഭാവന. ടീം സ്കോർ 101ൽ വച്ച് കാർത്തിക്കിനെ (6)​ റൂസ്സോയുടെ കൈയിൽ എത്തിച്ച്പാർനൽ കൂട്ടുകെട്ട് പൊളിച്ചു. തുടർന്ന് അശ്വിനൊപ്പം (7)​ ഏഴാം വിക്കറ്റിൽ 18 പന്തിൽ 23ന്റെ കൂട്ടുകെട്ടുണ്ടാക്കിയ സൂര്യയാണ് ഭേദപ്പെട്ട സ്കോറിൽ ഇന്ത്യയെ എത്തിച്ചത്. 6 ഫോറും 3 സിക്സും സൂര്യ നേടി.19-ാം ഓവറിലെ അവസാന പന്തിൽ പാർനലാണ് സൂര്യയെ ഔട്ടാക്കിയത്.

4 വിക്കറ്റ് നേടിയ എൻഗിഡിക്കൊപ്പം 4 ഓവറിൽ 1 മെയ്ഡനുൾപ്പെടെ 15 റൺസ് മാത്രം നൽകി മൂന്ന് വിക്കറ്റ് വീഴ്ത്തിയ പാർനലും തിളങ്ങി.

ദക്ഷിണാഫ്രിക്കയുടെ തുടക്കവും തകർച്ചയോടെയായിരുന്നു. രണ്ടാം ഓവറിൽ ക്വിന്റൺ ഡി കോക്കിനേയും (1)​,​ റൂസ്സോയേയും (0)​ മടക്കി അർഷ്ദീപ് ഇന്ത്യയ്ക്ക് മേൽക്കൈ നൽകിയിരുന്നു. പിന്നാലെ ടെംബ ബവുമയെ (10)​ ഷമിയും മടക്കിയതോടെ 24/3 എന്ന നിലയിലായി ദക്ഷിണാഫ്രിക്ക. എന്നാൽ നാലാം വിക്കറ്റിൽ ക്രീസിൽ ഒന്നിച്ച മ‌ർക്രവും (52)​,​ ഡേവിഡ് മില്ലഖറും (പുറത്താകാതെ 46 പന്തിൽ 59)​ ദക്ഷിണാഫ്രിക്കയെ വീണ്ടും വിജയവഴിയിൽ എത്തിക്കുകയായിരുന്നു. ഇരുവും നാലാം വിക്കറ്റിൽ 60 പന്തിൽ കൂട്ടിച്ചേർത്ത 76 റൺസാണ് ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിലെ നട്ടെല്ലായത്. 16-ാം ഓവറിൽ മർക്രത്തെ ഹാർദിക് മടക്കിയെങ്കിലും ഒരറ്രത്ത് ഉറച്ച് നിന്ന മില്ലർ ദക്ഷിണാഫ്രിക്കയെ വിജയ തീരത്തെത്തിച്ചു.