gg

തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോണിന്റെ മരണത്തിലെ ദുരൂഹത ഒടുവിൽ ചുരുളഴിഞ്ഞ. താൻ കഷായത്തിൽ വിഷം കലർത്തി നൽകിയതാണ് ഷാരോണിന്റെ മരണത്തിന് കാരണമായതെന്ന് കാമുകി ഗ്രീഷ്മ ക്രൈബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. മണിക്കൂറുകൾ നീണ്ടുനിന്ന ചോദ്യം ചെയ്യലിലാണ് കൊലപാതകം ഗ്രീഷ്മ സമ്മതിച്ചത്. വിഷം ഉള്ളിൽച്ചെന്ന് അവശനായി കിടക്കുമ്പോഴും ഗ്രീഷ്മ തന്നെ വഞ്ചിക്കില്ലെന്നായിരുന്നു ഷാരോൺ ഉറച്ചുവിശ്വസിച്ചിരുന്നത്. കഷായത്തിൽ ഒന്നുമില്ലെന്ന് ഉറപ്പിച്ചു പറയുമ്പോഴും യാതൊരു ഭാവവ്യത്യാസവുമില്ലാതെ ഷാരോണിന്റെ മുന്നിൽ ഗ്രീഷ്മ കരയുന്നതിന്റെ ശബ്ദ സസന്ദേശവും പുറത്തുവന്നിരുന്നു.

തെളിവുകളൊക്കെ തനിക്ക് എതിരാണെന്ന് ഉറപ്പായിട്ടും രക്ഷപ്പെടുമെന്നായിരുന്നു ഗ്രീഷ്മ വിശ്വസിച്ചത്. കഷായത്തിന്റെ കയ്‌പ് മാറുന്നതിനായി കുടിച്ച ജ്യൂസിന്റെ പ്രശ്നമാകാമെന്നും അമ്മയെ വീട്ടിലെത്തിച്ച ഓട്ടോഡ്രൈവർക്ക് ഈ ജ്യൂസ് കുടിച്ചശേഷം പ്രശ്നങ്ങൾ ഉണ്ടായതായും ഗ്രീഷ്മ ചാറ്റിൽ പറയുന്നു.

ഷാരോണും കാമുകി ഗ്രീഷ്മയും ഷാരോണിന്റെ സുഹൃത്തുക്കളും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകളുടെ സ്ക്രീൻ ഷോട്ട് ഷാരോണിന്റെ ബന്ധുക്കളാണ് പുറത്തുവിട്ടത്. താൻ മറ്റൊന്നും നൽകിയിട്ടില്ലെന്നും അവനെ താൻ എന്തിനാണ് അപായപ്പെടുത്തുന്നതെന്നും പെൺകുട്ടി ചാറ്റിൽ ചോദിക്കുന്നുണ്ട്. ഇതേ കഷായം താനും തന്റെ ചേച്ചിയും കുടിച്ചിട്ടുള്ളതായും അതിനാൽ കഷായത്തിൽ പ്രശ്നമില്ലെന്നും പെൺകുട്ടി പറയുന്നുണ്ട്. താൻ കുടിച്ചിരുന്ന കഷായത്തിന്റെ ബാക്കിയാണ് ഷാരോൺ കുടിച്ചതെന്നും കഷായം കഴിച്ച് തീരേണ്ട അവസാന ദിവസമായിരുന്നെന്നും പറയുന്നത് ശബ്ദസന്ദേശത്തില്‍ കേള്‍ക്കാം.

സെപ്‌തംബർ 14ന് റെക്കാഡ് ബുക്ക് തിരിച്ചുവാങ്ങാൻ തമിഴ്‌നാട്ടിൽ രാമവർമ്മൻ ചിറയിലുള‌ള പെൺകുട്ടിയുടെ വീട്ടിലേക്ക് സുഹൃത്തിനൊപ്പം പോയ ഷാരോൺ രാജ് ഛർദ്ദിലും ദേഹാസ്വാസ്ഥ്യവുമായാണ് തിരികെ വന്നത്. യുവതി നൽകിയ കഷായവും ജ്യൂസും കുടിച്ച ശേഷമാണ് അസ്വസ്ഥതകൾ ഉണ്ടായിത്തുടങ്ങിയത്. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 25ന് മരണമടഞ്ഞു.ആദ്യം വിവാഹം കഴിക്കുന്ന ഭർത്താവ് പെട്ടെന്ന് മരിക്കുമെന്ന അന്ധവിശ്വാസം ഗ്രീഷ്‌മയുടെ കുടുംബത്തിനുണ്ടായിരുന്നു എന്ന് വെളിവാക്കുന്ന വാട്‌സാപ്പ് ചാറ്റുകൾ മുൻപ് പുറത്തുവന്നിരുന്നു. എന്നാൽ ഇത് അന്ധവിശ്വാസമെന്ന് തെളിയിക്കാൻ ഷാരോൺ വെട്ടുകാട് പള‌ളിയിൽ ഗ്രീഷ്‌മയെ കൂട്ടിക്കൊണ്ടുപോയി കുങ്കുമം ചാർത്തിയ ശേഷം വീട്ടിലെത്തി താലികെട്ടിയിരുന്നെന്ന് ഷാരോണിന്റെ വീട്ടുകാർ അറിയിക്കുന്നു.കൊലപാതകത്തിനായി ഗ്രീഷ്‌മ ആസൂത്രണം ചെയ്‌തിരുന്നു. ഇതിനായി ഗൂഗിളിൽ പരതിയതിന്റെയും തെളിവ് പൊലീസിന് ലഭിച്ചു. കഴിഞ്ഞ ദിവസമാണ് കേസിൽ പ്രത്യേക ക്രൈംബ്രാഞ്ച് സംഘം അന്വേഷണം തുടങ്ങിയത്.