
സിനിമകളിലെ വലിപ്പ ചെറുപ്പത്തെക്കുറിച്ച് ആരാധകർക്ക് മുൻപിൽ പ്രതികരിച്ച് ഉലക നായകൻ കമല ഹാസൻ. നിരവധി പരാജയ ചിത്രങ്ങൾക്ക് ശേഷം തമിഴ് സിനിമയ്ക്ക് മികച്ച കളക്ഷൻ സമ്മാനിച്ച വിക്രത്തിന്റെ വിജയത്തിന് ശേഷം ശങ്കർ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമായ ഇന്ത്യന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിന്റെ ഭാഗമായി വരികയാണ് താരമിപ്പോൾ. അതിനിടയിൽ പങ്കെടുത്ത 'സെമ്പി' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടയിലായിരുന്നു കമൽ ഹസൻ സിനിമകളുടെ നിലവാര നിർണയത്തെക്കുറിച്ചും ആരാധകരുടെ ഉത്തരവാദിത്തത്തെക്കുറിച്ചും സംസാരിച്ചത്.
നല്ല ചിത്രങ്ങളെ നല്ല ചിത്രങ്ങളെന്നും മോശം ചിത്രങ്ങളെ മോശം ചിത്രങ്ങളെന്നും ഭയമില്ലാതെ ആരാധകർ പറയാൻ തയ്യാറാകണമെന്ന് താരം പറഞ്ഞു. പ്രഭു സോളമൻ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടയിൽ അദ്ദേഹം തന്റെ പഴയകാല ചിത്രത്തെക്കുറിച്ചും വാചാലനായി. അവസരം തേടിനടക്കുന്ന കാലത്ത് '16 വയതിനിലെ' എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ ഫോട്ടോകളുള്ള ആൽബം താൻ കൂടെ കൊണ്ട് നടക്കാറുണ്ടായിരുന്നു എന്ന് കമൽ പറഞ്ഞു. അവസരം തേടുന്ന സമയത്ത് ആൽബത്തിലെ ചിത്രങ്ങൾ കാണിച്ച് ഇത് ഞാൻ നായകനായി അഭിനയിച്ച ചിത്രത്തിലേതാണെന്ന് പറയും. ചിലർ ആൽബം കണ്ട് നല്ല അഭിപ്രായം പ്രകടിപ്പിക്കുമ്പോൾ ചിലർ മോശം വസ്ത്രത്തിലുള്ല വേഷം ധരിച്ച ചിത്രങ്ങൾ കൊണ്ട് നടക്കാൻ നാണമില്ലേയെന്നും ചോദിച്ചിട്ടുണ്ട്. താൻ ചിത്രം ചെറുതാണോ വലുതാണോ എന്ന് നോക്കാതെ പ്രചരണ പരിപാടികളിൽ പങ്കെടുക്കാറുണ്ടെന്ന് ഇവിടെ പറഞ്ഞ് കേട്ടു എന്നാൽ സിനിമയുടെ വലിപ്പച്ചെറുപ്പം നിശ്ചയിക്കുന്നത് ഇത്തരം വേദികളല്ല അവരാണ്, കാണികളിലേക്ക് വിരൽ ചൂണ്ടി കമൽ ഹാസൻ പറഞ്ഞു. 40 വർഷത്തിനിപ്പുറവും താൻ ഓർക്കുന്ന '16 വയതിനിലെ' ഒരു വലിയ ചിത്രം തന്നെയാണെന്നും താരം കൂട്ടിച്ചേർത്തു.