
കോഴിക്കോട്: ഗവർണർ-സർക്കാർ തർക്ക പരിഹാരത്തെക്കുറിച്ച് നടത്തിയ പ്രസ്താവന കേരളത്തെക്കുറിച്ച് അല്ലെന്ന് പി എസ് ശ്രീധരൻ പിള്ള. ഗവർണറും സർക്കാരുമായുള്ള തർക്കം ചായ കുടിച്ച് പരിഹരിക്കാം എന്ന് താൻ നടത്തിയ പരാമർശം സംസ്ഥാനത്തിലെ മാദ്ധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങൾ നടത്തിയ ദുർവ്യാഖ്യാനത്തിന് വേണമെങ്കിൽ നടപടി സ്വീകരിക്കാമെന്നും എന്നാൽ അതിലേയ്ക്ക് കടക്കാതെ വിഷയത്തെ അവഗണിക്കുന്നു എന്നും ഗോവ ഗവർണർ പറഞ്ഞു.
മുൻപ് മിസോറാമിലും ഇപ്പോൾ ഗോവയിലും ഗവർണർ പദവി വഹിക്കുന്നതിനിടയിൽ അവിടുത്തെ സംസ്ഥാന സർക്കാരുമായി സ്വരചേർച്ചയില്ലായ്മ ഉണ്ടായിട്ടുണ്ട്. അതെല്ലാം വൈകുന്നേരം ചായകുടിച്ച് ഇറങ്ങുമ്പോൾ സംസാരിച്ച് പരിഹരിച്ച് ഏകാഭിപ്രായത്തിൽ എത്താറാണ് പതിവെന്നായിരുന്നു ഗോവൻ ഗവർണർ ഇന്നലെ പ്രതികരിച്ചത്. എന്നാൽ തന്റെ വാക്കുകൾ കേരളത്തെ ഉദ്ദേശിച്ചല്ലെന്നാണ് അദ്ദേഹം ഇന്ന് വ്യക്തമാക്കിയത്. തന്റെ പരാമർശത്തിൽ ഉൾപ്പെടാത്ത കാര്യങ്ങൾ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണെന്നും പി എസ് ശ്രീധരൻ പിളള കൂട്ടിച്ചേർത്തു.