ff

തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോണിന്റെ മരണത്തിൽ അറസ്റ്റിലായ ഗ്രീഷ്മ കുറ്റം സമ്മതിച്ചെന്ന് എഡി.ജി.പി അജിത് കുമാർ വ്യക്തമാക്കി. കൊല്ലണമെന്ന ലക്ഷ്യത്തോടെയാണ് ഗ്രീഷ്മ കൃത്യം നടത്തിയതെന്നും പൊലീസ് പറഞ്ഞു. അതേസമയം കടയിൽ നിന്ന് വാങ്ങിയ കഷായമല്ല ഗ്രീഷ്മ ഷാരോണിന് നൽകിയത്.

അമ്മയ്ക്കായി വാങ്ങിയ കഷായപ്പൊടി വീട്ടിൽവച്ച് തിളപ്പിച്ച് ഉപയോഗിക്കുകയായിരുന്നു,​ പിന്നീട് നേരത്തെ വീട്ടിൽ ഉണ്ടായിരുന്ന ക്വാപിക് എന്ന കീടനാശിനി കഷായത്തിൽ കല‌ർത്തി. ഡെ ആസിഡ് ബ്ലൂ എന്ന രാസവസ്തു അടങ്ങിയതാണ് കീടനാശിനി. ആന്തരികാവയവങ്ങൾക്ക് കേടുണ്ടാക്കാൻ സാധിക്കുന്ന രാസവസ്തുവാണിത്. കഷായത്തിന് ശേഷം ഷാരോണിന് ഗ്രീഷ്മ ജ്യൂസ് നൽകിയെന്നും പൊലീസ് വിശദീകരിച്ചു. മറ്റൊരാളുമായി വിവാഹനിശ്ചയം കഴിഞ്ഞ ശേഷം ജാതകദോഷമെന്ന കാരണം പറഞ്ഞ് ഷാരോണിനെ ഉപേക്ഷിക്കാൻ ഗ്രീഷ്മ നോക്കിയിരുന്നു.

എന്നാൽ ഷാരോൺ ബന്ധത്തിൽ നിന്ന് പിൻമാറാൻ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഷാരോണിനെ കൊലപ്പെടുത്തിയത്. ഗ്രീഷ്മയുടെ മുൻ മൊഴികളിൽ വൈരുദ്ധ്യം ഉണ്ടായിരുന്നതായി എ.ഡി.ജി.പി പറഞ്ഞു. എന്നാൽ കേസിൽ ബാഹ്യഇടപെടൽ ഉണ്ടായതായി തെളിവില്ലെന്നും മാതാപിതാക്കളെ പ്രതിയാക്കാൻ നിലവിൽ തെളിവുകളില്ലെന്നും എ.ഡി.ജി.പി പറഞ്ഞു.