
മലപ്പുറം: വേങ്ങര ബസ്സ്റ്റാൻഡിൽ പൊലീസിനെതിരെ അസഭ്യ വർഷം നടത്തിയ കൊല്ലം സ്വദേശി പിടിയിൽ. മദ്യലഹരിയിൽ പൊലീസിനെതിരെ അസഭ്യ വർഷം നടത്തിയ കൊല്ലം കല്ലുവാതുക്കൽ സ്വദേശി മധുസൂദനൻ പിള്ലയെ ആണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഇത്തരത്തിലൊരു സംഭവമുണ്ടായത്. ബസ് സ്റ്റാൻഡിൽ ഇരുന്ന് മദ്യസേവ നടത്തിയ ഇയാൾ കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാനും ശ്രമിച്ചു.
ഒരാഴ്ച മുൻപ് കഞ്ചാവ് കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതി വേങ്ങര ബസ് സ്റ്റാൻഡിലിരുന്ന് പരസ്യമായി മദ്യപിക്കുകയായിരുന്നു. ഇങ്ങോട്ടേയ്ക്കെത്തിയ പൊലീസിന് നേരെ ഇയാൾ കൈയിൽ മദ്യക്കുപ്പിയുമായി അസഭ്യ വർഷം നടത്തുകയായിരുന്നു. പൊലീസിനെ അധിക്ഷേപിച്ച് സംസാരിക്കുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെ വേങ്ങര പൊലീസ് മധുസൂദനൻ പിള്ലയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ശേഷം അറസ്റ്റ് ചെയ്യാനായി എത്തിയ പൊലീസുകാരെ അക്രമിച്ച് ഇയാൾ കടന്നു കളയാനായി ശ്രമിച്ചു. വേങ്ങര കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിയതിന് നേരത്തെ പിടിയിലായിട്ടുള്ള പ്രതിയ്ക്കെതിരെ കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയതിനും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.