kuwait-expatriate

കുവൈറ്റ് സിറ്റി: അക്രമണ സംഭവങ്ങളിൽ പിടിക്കപ്പെടുന്ന പ്രവാസികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ച് കുവൈറ്റ് ഭരണകൂടം. സ്വഭാവ ദൂഷ്യത്തിന് പിടിയിലാകുന്നവരെ രാജ്യസുരക്ഷയുടെ ഭാഗമായി നാടുകടത്താനാണ് നീക്കം. ഇത്തരം നടപടികൾക്കായുള്ള സർക്കാർ നിർദേശം ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയതായി കുവൈറ്റിലെ വാർത്താ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.

അടിപിടി, സ്വഭാവ ദൂഷ്യ കേസുകളിൽ പിടിയിലാകുന്നവരെ നാടുകടത്തുന്ന നടപടി മനുഷ്യാവകാശ ലംഘനമായി കണക്കാക്കാനാകില്ലെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. കൃത്യമായ തെളിവോടെ പിടിയിലാകുന്നവരെ നാട് കടത്താനായി അത് കൊണ്ട് തന്നെ മന്ത്രാലയത്തിന്റെയോ അണ്ടര്‍ സെക്രട്ടറിയുടെയോ അനുമതി ആവശ്യമില്ലെന്നാണ് സർക്കാർ ഭാഷ്യം. ഇങ്ങനെ നാടുകടത്തപ്പെടുന്നവർക്ക് തിരികെയൊരിക്കലും കുവൈറ്റിലേയ്ക്ക് പ്രവേശിക്കാൻ സാധിക്കാത്ത വിധം സമ്പൂർണ നിരോധനവും നേരിടേണ്ടി വരും. നിലവിൽ നാടു കടത്തപ്പെടുന്നവരുടെ യാത്രാ ചിലവ് കുവൈറ്റ് സർക്കാർ തന്നെയാണ് വഹിക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ല കേസിൽ നാടുകടത്തപ്പെടുന്നവർ യാത്രാ ചിലവ് സ്വന്തം നിലയ്ക്ക് വഹിക്കേണ്ടി വരും. കുവൈറ്റിലെ ഹവാലി, മഹ്ബൂല, സല്‍മിയ്യ, അല്‍ റിഗ്ഗ അടക്കമുള്ള പ്രദേശങ്ങളിൽ പ്രവാസികൾ ഉൾപ്പെടുന്ന അടിപിടികളും സംഘർഷങ്ങളും വർധിച്ച് വരുന്ന സാഹചര്യത്തിലാണ് സർക്കാർ പുതിയ നടപടികൾ കൈക്കൊള്ളുന്നത്.