
തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ കാമുകി ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പ്രതിയെ പാറശാലയിലെ വീട്ടിൽ കൊണ്ടുപോയി തെളിവെടുക്കും. തുടർന്ന് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും. ഇന്നലെ എട്ടുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിലാണ് ഗ്രീഷ്മ കുറ്റം സമ്മതിച്ചത്.
അടുത്ത ഫെബ്രുവരിയിൽ തന്റെ വിവാഹത്തിന് മുമ്പ് ഷാരോണിനെ ഒഴിവാക്കാനായിരുന്നു കൊലപാതകമെന്ന് ഗ്രീഷ്മ അന്വേഷണ സംഘത്തിന് മൊഴി നൽകി. ഒഴിവാക്കാൻ വേണ്ടി ആദ്യവിവാഹത്തിലെ ഭർത്താവ് മരിച്ചുപോകുമെന്ന് ജ്യോതിഷൻ പ്രവചിച്ചെന്ന് ഗ്രീഷ്മ പറഞ്ഞെങ്കിലും ഷാരോൺ പിൻമാറിയില്ല. തുടർന്നാണ് വിഷം ചേർത്ത കഷായം നൽകി കൊലപ്പെടുത്തിയത്.
യുവതിയുടെ മൊഴിയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ വ്യക്ത വരുത്താനായി കസ്റ്റഡയിൽ വാങ്ങി ചോദ്യംചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഷാരോണിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച വിഷം ഗ്രീഷ്മയുടെ വീട്ടിൽ നിന്നും കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയിരുന്നു.
കൃഷി ആവശ്യത്തിന് വീട്ടിൽ വാങ്ങി സൂക്ഷിച്ചിരുന്ന കീടനാശിനി കഷായത്തിൽ കലർത്തി നൽകിയാണ് ഷാരോണിനെ വകവരുത്തിയത്. പ്രാഥമിക അന്വേഷണത്തിൽ ഗ്രീഷ്മയുടെ മാതാപിതാക്കൾക്ക് സംഭവത്തിൽ പങ്കില്ലെന്നാണ് പൊലീസ് കരുതുന്നത്.
കഴിഞ്ഞ 14ന് ഗ്രീഷ്മയുടെ നിർദ്ദേശപ്രകാരം സുഹൃത്ത് റെജിനൊപ്പം ഷാരോൺ റെക്കാഡ് ബുക്കുകൾ തിരികെ വാങ്ങാൻ വീട്ടിൽ പോയിരുന്നു. റെജിനെ പുറത്തുനിറുത്തി വീട്ടിലേക്ക് പോയ ഷാരോൺ അല്പസമയം കഴിഞ്ഞ് ഛർദ്ദിച്ച് അവശനായാണ് പുറത്തെത്തിയത്. കീടനാശിനി കലർത്തിയ കഷായം കഴിച്ചപ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ച ഷാരോണിന് ചവർപ്പ് മാറാനെന്ന പേരിൽ ജ്യൂസും നൽകിയിരുന്നു. പുറത്തുവന്ന ശേഷവും ഛർദ്ദിച്ച ഷാരോൺ റെജിനോടും വീട്ടുകാരോടും കാലാവധി കഴിഞ്ഞ ജ്യൂസ് കുടിച്ചതിനെ തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ടെന്നാണ് പറഞ്ഞത്.
പാറശാല താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയശേഷം അടുത്ത ദിവസം വായിൽ വ്രണങ്ങൾ രൂപപ്പെട്ട് വെള്ളം കുടിക്കാൻപോലും കഴിയാതെ വന്നപ്പോഴാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ചത്. ഇവിടെ ചികിത്സയിലിരിക്കെ വൃക്കയും കരളുമുൾപ്പെടെ ആന്തരികാവയവങ്ങൾ തകരാറിലായി. അഞ്ചു തവണ ഡയാലിസിസ് നടത്തിയിട്ടും ഫലം കാണാത്തതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഡോക്ടർമാർ വിവരം പാറശാല പൊലീസിന് കൈമാറിയതിനെ തുടർന്ന് മജിസ്ട്രേട്ടിന്റെ നേതൃത്വത്തിൽ ഷാരോണിന്റെ മരണ മൊഴി രേഖപ്പെടുത്തി. ചികിത്സയിലിരിക്കെ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഷാരോൺ മരിച്ചത്.