
തിരുവനന്തപുരം: ഷാരോണിന്റെ മരണത്തിൽ പാറശാല പൊലീസിന് വീഴ്ചയുണ്ടായെന്ന് ആവർത്തിച്ച് സഹോദരൻ ഷിമോൺ. ആശുപത്രിയിൽ നിന്ന് അറിയിച്ചിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നാണ് ആരോപണം. ആശുപത്രിയിൽ നിന്ന് രണ്ട് തവണ അറിയിച്ചിരുന്നു എന്നിട്ടും പൊലീസ് എത്തിയില്ലെന്ന് യുവാവ് ഒരു സ്വാകാര്യ ചാനലിനോട് പറഞ്ഞു.
വിഷം ഉള്ളിൽ ചെന്നത് അറിയാൻ വൈകിയത് തിരിച്ചടിയായെന്നും ഷാരോണിന്റെ മൂത്ര,രക്ത സാമ്പിളുകൾ ശേഖരിക്കാൻ ആവശ്യപ്പെട്ടിട്ടും ആശുപത്രി അധികൃതർ ചെയ്തില്ലെന്നും ഷിമോൺ പറഞ്ഞു. മരണത്തിന്റെ തലേന്ന് പോലും ഷാരോൺ ഗ്രീഷ്മയെ വിശ്വസിച്ചിരുന്നെന്നും യുവാവ് കൂട്ടിച്ചേർത്തു.
"അവളെ വിവാഹം കഴിച്ച് നല്ല രീതിയിൽ ജീവിക്കണമെന്നായിരുന്നു അവന്റെ ആഗ്രഹം. അതുകൊണ്ടാകാം കഷായത്തിന്റെ കാര്യം ഞങ്ങളോട് പറയാതിരുന്നത്. അവൾ അങ്ങനെ ചെയ്യില്ലെന്ന് അവസാനം വരെ അവൻ വിശ്വസിച്ചു. മരണത്തിന്റെ തലേന്ന് അവൾ എന്തെങ്കിലും തന്നോ എന്ന് പപ്പ ചോദിച്ചപ്പോൾ അവൾ അങ്ങനെ ചെയ്യില്ലെന്നായിരുന്നു അവൻ അന്നും പറഞ്ഞുകൊണ്ടിരുന്നത്.
ഇരുപതാം തീയതി പപ്പ അവളോട് സംസാരിച്ചിരുന്നു. അപ്പോൾ അവൾ ആദ്യം പറഞ്ഞത് അങ്കിളേ എന്റെ ജാതക ദോഷം കാരണമാകാം അങ്കിളിന്റെ മോന് ഇങ്ങനെ സംഭവിച്ചതെന്നാണ്. എന്താണ് എനിക്ക് തന്നതെന്നും, കഷായത്തിന്റെ പേര് പറയുമോ എന്ന് പല തവണ ഷാരോൺ അവളോട് ചോദിച്ചു. അതിനൊന്നും അവൾ മറുപടി പറയുന്നില്ല. ഫ്രൂട്ടിക്കായിരിക്കും പ്രശ്നം എന്നായിരുന്നു അവൾ പറഞ്ഞത്. അപ്പോൾ അവൻ പറയുന്നുണ്ട് ഫ്രൂട്ടിയുടെ ടേസ്റ്റിൽ വ്യത്യാസമൊന്നുമില്ലെന്ന്."- ഷിമോൺ പറഞ്ഞു.