morbi

മോർബി: ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്ന് മരിച്ചവരുടെ എണ്ണം 130 ആയി ഉയർന്നു. മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. അഞ്ഞൂറിലധികം പേരാണ് അപകട സമയത്ത് പാലത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.

മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അപകട സ്ഥലം സന്ദർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിൽ നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കി. മരിച്ചവരുടെ കുടുംബങ്ങൾക്ക് ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,​000 രൂപ വീതവും പ്രഖ്യാപിച്ചു. സ്ഥിതി വിലയിരുത്തിയ പ്രധാനമന്ത്രി രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കാൻ മുഖ്യമന്ത്രിയ്‌ക്ക് നിർദേശം നൽകി.

മോർബിയിൽ മച്ചു നദിക്ക് മീതേ നിർമ്മിച്ച ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള ഈ തൂക്കുപാലം പ്രധാന ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. 1879 ൽ നിർമ്മിക്കപ്പെട്ട പാലത്തിൽ അറ്റകുറ്റപ്പണികൾ നടത്തിയ ശേഷം അഞ്ച് ദിവസം മുമ്പാണ് തുറന്നത്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് അപകടം നടന്നത്.