
തിരുവനന്തപുരം: കീടനാശിനി ശരീരത്തിലുണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ച് മൊബൈലിൽ നിന്ന് ഗൂഗിളിൽ സെർച്ച് ചെയ്തതിന്റെ തെളിവുകളടക്കം ചോദ്യം ചെയ്യലിൽ പൊലീസ് നിരത്തിയപ്പോൾ അതുവരെ 'അയ്യോ പാവം' നടിച്ചിരുന്ന ഗ്രീഷ്മയ്ക്ക് പിടിച്ചുനിൽക്കാനായില്ല. വിങ്ങിപ്പൊട്ടി ഞാൻ തന്നെയാണ് കുറ്റം ചെയ്തതെന്ന് സമ്മതിച്ചു. അതോടെയാണ് ദുരൂഹതയുയർത്തിയിരുന്ന ഷാരോണിന്റെ മരണത്തിന്റെ ചുരുളഴിഞ്ഞത്.
ശാസ്ത്രീയ തെളിവുകളടക്കം ശേഖരിച്ചായിരുന്നു പൊലീസിന്റെ അതിവിദഗ്ദ്ധ അന്വേഷണം. സ്ളോ പോയിസണിംഗിനെ കുറിച്ചടക്കം ഗ്രീഷ്മ ഗൂഗിളിൽ സെർച്ച് ചെയ്തതിന്റെ സൂചനകളാണ് അന്വേഷണത്തിൽ നിർണായകമായത്. മൊബൈലിൽ നിന്ന് ഇത് ഡിലീറ്റ് ചെയ്ത് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതും സൈബർ സഹായത്തോടെ പൊലീസ് വീണ്ടെടുത്തിരുന്നു.
കഷായം കഴിച്ച് അവശനിലയിലായ ഷാരോൺ ആശുപത്രി കിടക്കയിൽ നിന്ന് ഫോണിൽ സംസാരിച്ചതിലും ചാറ്റിലുമൊക്കയുള്ള വൈരുദ്ധ്യമാണ് ഗ്രീഷ്മയിലേക്ക് അന്വേഷണം കേന്ദ്രീകരിക്കാൻ പൊലീസിനെ പ്രേരിപ്പിച്ചത്. മരണത്തിൽ ഗ്രീഷ്മയ്ക്ക് ബന്ധമുണ്ടെന്ന് തോന്നിക്കുന്ന തരത്തിലുള്ള തെളിവുകൾ ഷാരോണിന്റെ വീട്ടുകാർ പുറത്തുവിട്ടതോടെ ശനിയാഴ്ച കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
തുടർന്ന് ക്രൈംബ്രാഞ്ച് നടത്തിയത് ചടുല നീക്കങ്ങളായിരുന്നു. ഇന്നലെ രാവിലെ ഗ്രീഷ്മയോടും മാതാപിതാക്കളോടും റൂറൽ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. ഗ്രീഷ്മയെയും മാതാപിതാക്കളെയും ഒറ്റയ്ക്കും അല്ലാതെയും എട്ടുമണിക്കൂറോളം ചോദ്യം ചെയ്തതോടെയാണ് കൊലപാതകമാണെന്ന് സമ്മതിച്ചത്.