
തിരുവനന്തപുരം: ആരും ചിന്തിക്കാത്ത വഴിയിലൂടെ കാമുകന്റെ പ്രാണനെടുത്ത ഗ്രീഷ്മ പഠിത്തകാര്യത്തിൽ മിടുമിടുക്കിയായിരുന്നു. ഒപ്പം ഇംഗ്ലീഷ് ഉൾപ്പടെയുള്ള ഹൊറർ സിനിമകളുടെ കടുത്ത ആരാധികയും. തമിഴ്നാട്ടിലെ എംഎസ് സർവകലാശാലയിൽനിന്നും ബി എ ഇംഗ്ലിഷ് സാഹിത്യത്തിൽ 4–ാം റാങ്ക് നേടിയിരുന്നു. കാമുകനെ ഇല്ലാത്താക്കാൻ അതിക്രൂരമായ രീതി തിരഞ്ഞെടുത്ത് ഹൊറൻ സിനിമകളുടെ സ്വാധീനമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. അന്വേഷണത്തെയും പൊലീസിന്റെ ചോദ്യംചെയ്യലിനെയും നേരിടാൻ രേഷ്മയ്ക്ക് ധൈര്യം നൽകിയതും ഈ ഹൊറർ പ്രേമം തന്നെ.ഹൊറർ സിനിമകളുടെ വലിയൊരു ശേഖരം തന്നെ ഗ്രീഷ്മയുടെ പക്കലുണ്ടായിരുന്നു.
ഷാരോണിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച വിഷകുപ്പി പറമ്പിൽ ഉപേക്ഷിച്ചുവെന്നും, പെരുമാറ്റത്തിൽ ശ്രദ്ധ പുലർത്തിയെന്നും ഗ്രീഷ്മ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. പൊലീസിന്റെ ചോദ്യംചെയ്യൽ എങ്ങനെയൊക്കെയായിരിക്കുമെന്ന് ഗൂഗിൾ നോക്കി വിശദമായി മനസിലാക്കുകയും ചെയ്തു. മരണത്തിൽ സംശയം തോന്നിയ പൊലീസ് പലതവണ ചോദ്യംചെയ്തെങ്കിലും ഒരു പതർച്ചയും ഉണ്ടായിരുന്നില്ല. പക്ഷേ, മാതാപിതാക്കൾക്കൊപ്പവും തനിച്ചുമുള്ള മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ ഗ്രീഷ്മ പതറി, പിന്നെ എല്ലാം ഏറ്റുപറഞ്ഞു.
ഇതിനിടെ ഷാരോണിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് ഗ്രീഷ്മയുടെ വൈരാഗ്യമാണെന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഗ്രീഷ്മയുടെ ചില സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ഷരോണിന്റെ പക്കലുണ്ടായിരുന്നു. പല തവണ ആവശ്യപ്പെട്ടുവെങ്കിലും ഇവ ഡിലീറ്റ് ചെയ്യുന്നതിനോ ഗ്രീഷ്മയ്ക്ക് നൽകുന്നതിനോ ഷാരോൺ തയ്യാറായില്ല. ഇവ പ്രതിശ്രുത വരന് ഷാരോൺ കൈമാറുമോ എന്ന് ഗ്രീഷ്മ ഭയന്നിരുന്നു. ഈ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഗ്രീഷ്മ പൊലീസിന് മൊഴി നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.