-k-n-balagopal

തിരുവനന്തപുരം: രാജ്ഭവന് ഇ ഓഫീസ് ഒരുക്കാനായി 75 ലക്ഷം നൽകിയത് അനുനയത്തിനല്ലെന്ന വിശദീകരണവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. ധനമന്ത്രിയിലുള്ള പ്രീതി നഷ്ടമായെന്ന് ഗവർണർ മുഖ്യമന്ത്രിയെ അറിയിച്ചതിന് പിന്നാലെ രാജ്ഭവന് 75 ലക്ഷം രൂപ അനുവദിച്ച നടപടി വലിയ വാർത്തയായിരുന്നു. എന്നാൽ രാജ്ഭവന് ഇ ഓഫീസ് ഒരുക്കാനായി തുക അനുവദിച്ചത് സ്വാഭാവിക നടപടി മാത്രമെന്നാണ് കെ എൻ ബാലഗോപാൽ പറഞ്ഞത്.

ഗവർണറുടെ വസതിയും ഓഫീസും സ്ഥിതിചെയ്യുന്ന സ്ഥിതിചെയ്യുന്ന രാജ്ഭവനിൽ കേന്ദ്രീകൃത നെറ്റ് വർക്കിംഗും ഇ ഓഫീസും സജ്ജീകരിക്കാനാണ് പണം അനുവദിച്ചത്. കഴിഞ്ഞ ബഡ്‌ജറ്റിൽ ഈ പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും ട്രഷറി നിയന്ത്രണം കാരണം പണം അനുവദിച്ചിരുന്നില്ല. പണം നൽകണമെന്നാവശ്യപ്പെട്ട് രാജ്ഭവൻ കഴിഞ്ഞ സെപ്തംബറിൽ ധനവകുപ്പിന് കത്തെഴുതിയിരുന്നു. നേരത്തേ ഗവർണർക്ക് പുതിയ ബെൻസ് കാർ വാങ്ങാനും ധനവകുപ്പ് പണം അനുവദിച്ചിരുന്നു. ഗവർണർ -സർക്കാർ പോര് രൂക്ഷമായി തുടരുന്നതിനിടെ അനുനയത്തിനുള്ള നീക്കമാണ് പണം അനുവദിക്കൽ എന്ന വിമർശനം ഉയരുന്നുണ്ട്.