mammooty-oommen-chandy

കൊച്ചി: ഉമ്മൻ ചാണ്ടിക്ക് ജന്മദിനാശംസകൾ നേർന്ന് മെഗാ സ്‌റ്റാർ മമ്മൂട്ടി. ആലുവ പാലസിൽ എത്തിയാണ് ഉമ്മൻ ചാണ്ടിക്ക് മമ്മൂട്ടി ജന്മദിനാശംസകൾ നേർന്നത്. ചികിത്സയ‌്ക്കായി ഇന്ന് ജർമ്മനിയിലേക്ക് പോകാനിരിക്കെയാണ് ഉമ്മൻ ചാണ്ടി. അസുഖമൊക്കെ ഭേദമായി വേഗം സുഖം പ്രാപിച്ചുവരട്ടെ എന്ന ആശംസ കൂടി മുൻ മുഖ്യമന്ത്രിക്ക് മമ്മൂട്ടി നൽകി. അതിനിടയിൽ താരത്തിന്റെ ഒരു നിരീക്ഷണം ഏവരിലും ചിരി പടർത്തി.

അലസമായി കിടക്കുന്ന തലമുടി ഉമ്മൻ ചാണ്ടിയുടെ ഐഡന്റിന്റി ആയാണ് പ്രവർത്തകർ പോലുംകരുതുന്നത്. മുടി ചീകാൻ അദ്ദേഹം താൽപര്യം കാണിക്കാറുമില്ല. ഇത്തവണ അത് പിറകിലേക്ക് വെട്ടി കോതി ഒതുക്കിയിരുന്നു. ഇത് മമ്മൂട്ടി ശ്രദ്ധിക്കുകയും, നല്ല സ്‌റ്റൈലായിട്ടുണ്ടെന്ന് കമന്റടിക്കുകയും ചെയ‌്തു. ഇത് കൂടി നിന്നവരിലെല്ലാം ചിരിപടർത്തി.

ആലുവ രാജഗിരി ആശുപത്രിയിൽ തൊണ്ട സംബന്ധമായ ചികിത്സയിലാണ് ഉമ്മൻ ചാണ്ടി. വിദഗ്ദ്ധാഭിപ്രായം തേടുന്നതിനാണ് ജർമ്മനിയിലെ ബർളിൻ ചാരെറ്റി മെഡിക്കൽ സർവകലാശാലയിൽ പോകുന്നത്. അവിടെ പരിശോധനകൾക്കു ശേഷം രാജഗിരി ആശുപത്രിയിൽ ചികിത്സ തുടരും.

ജർമ്മനിയിലേക്കുള്ള വിസ ലഭിച്ചു. ഡോക്ടറുടെ സമയം ലഭിച്ചാലുടൻ യാത്ര തിരിക്കും. മക്കളായ മറിയ ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവർ ഒപ്പമുണ്ടാകും. ചികിത്സാച്ചെലവ് കോൺഗ്രസ് വഹിക്കും. 2015 മുതൽ ഉമ്മൻ ചാണ്ടി തൊണ്ടയ്ക്ക് ചികിത്സ നടത്തിവരുകയാണ്. 2019ൽ അമേരിക്കയിൽ ചികിത്സ തേടിയിരുന്നു. പിന്നീട് രാജഗിരിയിലായി ചികിത്സ. സംസാരിക്കാനുള്ള വിഷമത വർദ്ധിച്ച സാഹചര്യത്തിലാണ് വീണ്ടും വിദേശചികിത്സ തേടുന്നത്.