t-j-chandrachoodan

ആർ.എസ്.പിയുടെ സമുന്നതനേതാവ് ടി.ജെ ചന്ദ്രചൂഡന്റെ വേ ർപാട് ഇടതുപക്ഷ രാഷ്ട്രീയത്തിനും പൊതുസമൂഹത്തിനും വലിയ നഷ്ടമാണ്. ഇടതുപക്ഷ നിലപാടുകളിൽ താത്വികമായ പ്രതിബദ്ധത ഉയർത്തിപ്പിടിച്ച തലയെടുപ്പുള്ള നേതാവിനെയാണ് നഷ്ടമായത്. ആർ.എസ്.പിയുടെ വിദ്യാർത്ഥി പ്രവർത്തകനായി തുടങ്ങി ദേശീയ ജനറൽ സെക്രട്ടറി വരെയായി ഉയർന്നത് പടിപടിയായുള്ള പ്രവർത്തന മികവിലൂടെയായിരുന്നു. ദേശീയതലത്തിൽ ഉരുത്തിരിഞ്ഞ പലപ്രശ്നങ്ങളിലും ഇടതുപക്ഷം ഏത് നിലപാട് സ്വീകരിക്കണമെന്നത് അർത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം തുറന്നുപറയുകയും സ്ഥാനമാനങ്ങൾക്കായി സ്വന്തം വ്യക്തിത്വം പണയപ്പെടുത്താതെ നിലപാടുകളിൽ ഉറച്ചുനിൽക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് പല ഉന്നതസ്ഥാനങ്ങളും കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ടതും ഇൗ അവസരത്തിൽ ഒാർക്കാതിരിക്കാനാവില്ല. പക്ഷേ അതൊന്നും തന്റെ ഇടതുപക്ഷ അനുഭാവത്തിൽ തെല്ലുപോലും പോറലേൽപ്പിച്ചില്ല.

ചില മുതിർന്ന നേതാക്കളെങ്കിലും ഇടതുപക്ഷത്തിന് ചേരാത്ത വ്യതിയാനങ്ങളെ പുൽകിയപ്പോൾ മുഖം നോക്കാതെ അതിനെതിരെ നിലപാടുകളിലൂടെയും പ്രസംഗങ്ങളിലൂടെയും പ്രതികരിക്കാനും അദ്ദേഹം ഒരിക്കലും വിമുഖത കാണിച്ചില്ല. പല സന്ദർഭങ്ങളിലും ഇടതുപക്ഷത്തിന് നിർണായക സംഭാവനകൾ നൽകിയ നേതാവായിരുന്നു. പേട്ടയിൽ ജനിച്ചുവളർന്ന അദ്ദേഹം. സി.പി.എമ്മിന്റെ ഇടതുവ്യതിയാനത്തെ തുറന്നെതിർക്കാനുള്ള ആർജ്ജവം കാണിച്ചു. അങ്ങനെ പലരുടെയും അപ്രീതിക്ക് പാത്രമായി ആർ.എസ്.പിക്ക് തന്നെ ഇടതുമുന്നണിയിൽ നിന്ന് പുറത്തുപോകേണ്ടി വന്നെങ്കിലും ടി.ജെ ചന്ദ്രചൂഡൻ പറഞ്ഞ കാര്യങ്ങളുടെ പ്രസക്തി കൂടിയതേയുള്ളൂ. എക്കാലത്തും മതേതരത്വം ഉയർത്തിപ്പിടിച്ചുകൊണ്ട് വർഗീയതയ്ക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. കെ. ബാലകൃഷ്ണന്റെ ശിക്ഷണത്തിൽ കൗമുദിയിൽ

കുറച്ചുനാൾ അദ്ദേഹം പത്രപ്രവർത്തനം നടത്തിയിരുന്നു. പ്രീതിയോ അപ്രീതിയോ നോക്കാതെ സമൂഹനന്മയ്ക്ക് വേണ്ടി ശിരസ് താഴ്ത്താതെ പ്രവർത്തിക്കണം എന്നതിന്റെ ബാലപാഠങ്ങൾ അവിടെനിന്ന് കരസ്ഥമാക്കിയത് ജീവിതത്തിലുടനീളം പൊതുജീവിതത്തിൽ നിലനിറുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ ആർ.എസ്.പിയിലെത്തിയ അദ്ദേഹം ബി.എ , എം. എ പരീക്ഷകൾ റാങ്കോടെയാണ് പാസ്സായത്. 1969-ൽ ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിൽ അദ്ധ്യാപകനായി. 87ൽ ജോലി രാജിവച്ചാണ് മുഴുവൻസമയ പാർട്ടി പ്രവർത്തനത്തിൽ മുഴുകിയത്. 99-ൽ ആർ.എസ്.പിയുടെ സംസ്ഥാന സെക്രട്ടറിയുമായി. സ്വന്തം പാർട്ടിയുടെ കാലുവാരൽ കാരണം രാജ്യസഭാ സീറ്റ് നഷ്ടമായതും പരസ്യമായ രഹസ്യമാണ്. പക്ഷേ അതൊന്നും തന്റെ പാർട്ടിയോടോ ഇടതുപക്ഷത്തോടോ ഉള്ള പ്രതിബദ്ധതയിൽ വിള്ളൽ വീഴ്‌ത്താൻ അദ്ദേഹം അനുവദിച്ചിരുന്നില്ല. ആരോഗ്യപരമായ കാരണങ്ങളാൽ വിശ്രമജീവിതം നയിച്ചുവരുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. പി.എസ്.സി അംഗമായും പ്രവാഹം ദ്വെെവാരികയുടെ പത്രാധിപരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൂന്ന് തവണ നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. അദ്ദേഹം രചിച്ച കെ.ബാലകൃഷ്ണൻ മലയാളത്തിന്റെ ജീനിയസ്, മാർക്സിസം എന്നാൽ എന്ത് ?​ എന്നീ പുസ്തകങ്ങൾ ശ്രദ്ധേയമായ നിരീക്ഷണങ്ങൾ ഉൾക്കൊള്ളുന്നവയാണ്. തൊഴിലാളിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ വരാൻ പോകുന്ന യന്ത്രങ്ങളുടെയും ടെക്നോളജിയുടെയും സ്വാധീനം കണക്കിലെടുക്കാതിരുന്നതാണ് മാർക്സിന് പറ്റിയ പിഴവെന്ന് കാര്യകാരണ സഹിതം അദ്ദേഹം പുസ്തകത്തിൽ സമർത്ഥിച്ചിട്ടുണ്ട്. ഇടതുപക്ഷം വരുത്തേണ്ട കാലാനുസൃതമായ മാറ്റങ്ങളിലേക്ക് വെളിച്ചം വീശുന്ന നിരീക്ഷണമായിരുന്നു അത്. കേരളകൗമുദിയുമായി എക്കാലത്തും ഉറ്റബന്ധം പുലർത്തിയിരുന്ന ടി.ജെയുടെ വേർപാടിലുള്ള ദുഃഖത്തിൽ കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കുമൊപ്പം ഞങ്ങളും പങ്കുചേരുന്നു.