car

ജീവനക്കാർക്ക് വിലകൂടിയ സമ്മാനങ്ങൾ നൽകുന്ന ട്രെൻഡിന്റെ ഭാഗമായി മാറി ചാലക്കുടിയിലെ ഐടി കമ്പനിയും. പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി ജോബിൻ ആന്റ് ജിസ്‌മി എന്ന ഐടി കമ്പനിയാണ് മുതിർന്ന ജീവനക്കാർക്ക് 1.20 കോടി രൂപ വിലവരുന്ന ആറ് കാറുകൾ സമ്മാനിച്ചത്. ഇരുപത് ലക്ഷത്തോളം വിലവരുന്ന കിയ സെൽടോസ് കാറുകളാണ് ജീവനക്കാർക്ക് സമ്മാനിച്ചത്. കാറുകൾക്കൊപ്പം ഈ വർഷത്തെ മികച്ച ജീവനക്കാരന് റോയൽ എൻഫീൽഡ് ബൈക്കും സമ്മാനമായി നൽകി.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്ളൗഡ് ഇ ആർ പിയായ ഒറാക്കിൾ നെറ്റ്‌സ്യൂട്ടിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ സർവീസ് പ്രൊവൈഡറാണ് ജോബിൻ ആന്റ് ജിസ്‌മി ഐടി കമ്പനി. സ്ഥാപനത്തിന്റെ തുടക്കകാലം മുതൽ ജോലി ചെയ്തുവരുന്ന ആറുപേരാണ് വിലകൂടിയ സമ്മാനത്തിന് അർഹരായത്. രണ്ട് ജീവനക്കാരുമായി തുടങ്ങിയ കമ്പനി പത്ത് വർഷത്തിനിടെ 200 തൊഴിലാളികളുള്ള കമ്പനിയായി വളർന്നിരിക്കുകയാണ്. ഇതിൽ ആറുപേരും വഹിച്ച പങ്ക് വിവരണാതീതമാണെന്ന് കമ്പനി സഹസ്ഥാപകയും ചീഫ് ടെക്‌നോളജി ഓഫീസറുമായ എ ഐ ജി‌സ്‌മി പറഞ്ഞു. കമ്പനിയിലെ ജീവനക്കാരുടെ എണ്ണം നാലുവർഷത്തിനുള്ളിൽ ആയിരം ആയി ഉയർത്തുകയാണ് ലക്ഷ്യമെന്ന് സഹസ്ഥാപകനും സി ഇ ഒയുമായ ജോബിൻ ജോസ് വെളിപ്പെടുത്തുന്നു.

ചാലക്കുടിയിൽ നിർമാണം പുരോഗമിക്കുന്ന പുതിയ കെട്ടിടത്തിൽ അടുത്തവർഷം പകുതിയോടെ പ്രവർത്തനം ആരംഭിക്കുന്നതോടെ 300 പേർക്ക് കൂടി ജോലി നൽകാൻ സാധിക്കും. മധുരയിൽ തമിഴ്‌നാട് സർക്കാർ‌ നൽകിയ നാല് ഏക്കർ സ്ഥലത്ത് അടുത്ത വർഷം ഡെവലപ്പ്‌മെന്റ് സെന്റർ ആരംഭിക്കും. ഇവിടെ 500 പേർക്ക് ജോലി നൽകാൻ സാധിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായ സോഫ്‌ട്‌വെയർ ഉത്പന്നങ്ങളുടെ പണിപ്പുരയിലാണെന്നും ജോബിൻ ജോസ് പറയുന്നു.