sc

ന്യൂഡൽഹി: ബലാത്സംഗ കേസുകളിൽ രണ്ട് വിരൽ പരിശോധന നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സുപ്രീം കോടതി നിർദേശം നൽകി. അതിജീവിതമാരെ വീണ്ടും ഇരകളാക്കുന്നതാണ് രണ്ട് വിരൽ പരിശോധനയെന്നും കോടതി നിരീക്ഷിച്ചു.

ശാസ്ത്രീയ അടിത്തറയില്ലാത്ത പരിശോധനയാണിതെന്ന് വ്യക്തമാക്കിയ കോടതി മെഡിക്കൽ കോളേജുകളിലെ പാഠ്യപദ്ധതിയിൽ നിന്ന് ഇത് നീക്കണമെന്ന് നിർദേശം നൽകി. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്,ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദേശം.


ബലാത്സംഗ കേസുകളിൽ അതിജീവിതയുടെ ലൈംഗികാവയവത്തിനകത്ത് വിരൽ കയറ്റി മസിലുകളുടെ ബലം പരിശോധിച്ച് കന്യകാത്വം ഉറപ്പിക്കുന്നതാണ് രണ്ടുവിരൽ പരിശോധന. തികച്ചു അശാസ്ത്രീയമായ ഈ പരിശോധന ഇപ്പോഴും നടക്കുന്നത് ദു:ഖകരമാണെന്നും കോടതി നിരീക്ഷിച്ചു.

അതിജീവിത മുൻപ് ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ടോ എന്നത് ബലാത്സംഗം കേസിൽ പ്രസക്തമല്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. രണ്ട് വിരൽ പരിശോധന നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് കോടതി നിർദേശം നൽകി.