
തിരുവനന്തപുരം: പാറശാലയിലെ ഷാരോൺ വധക്കേസിൽ പൊലീസിന് സംഭവിക്കുന്നത് അടിമുടി വീഴ്ചകൾ. ഷാരോണിന്റെ മരണത്തിൽ സംശയമുണ്ടെന്ന് ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചെങ്കിലും കാര്യമായ അന്വേഷണം നടത്താൻ പാറശാല പൊലീസ് തയ്യാറാകാത്തതാണ് ആദ്യത്തെ വീഴ്ച. കേസുമായി ബന്ധപ്പെട്ട വിലപ്പെട്ട വിവരങ്ങൾ ഉൾക്കൊള്ളാൻ പാറശാല പൊലീസിന് കഴിഞ്ഞില്ല. മരണത്തിന് പിന്നിൽ ഗ്രീഷ്മയാണെന്ന സംശയം ബന്ധുക്കൾ ഉന്നയിച്ചെങ്കിലും ആദ്യഘട്ടത്തിൽ അത് മുഖവിലയ്ക്കെടുക്കാൻ ലോക്കൽപൊലീസ് തയ്യാറായില്ല.
കഷായം നൽകിയതും മരണക്കിടക്കയിൽ നിന്നുള്ള ഷാരോണിന്റെ വാട്സാപ്പ് ചാറ്റുകളും പലതവണ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ആരോപണവിധേയായ യുവതിയെ ചോദ്യം ചെയ്തുവെന്നും ദുരൂഹതയില്ലെന്നുമായിരുന്നു ആദ്യഘട്ടത്തിലെ നിലപാട്. ഷാരോണിന്റെ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം വന്നശേഷം വിശദമായി അന്വേഷിക്കാമെന്ന നിലപാടും സ്വീകരിച്ചു.കഷായവും അതിൽ കലർത്തിയ തുരിശും ഗൂഗിൾ സെർച്ചുമെല്ലാം തുടക്കത്തിൽതന്നെ പാറശാല പൊലീസിനും അന്വേഷിച്ച് കണ്ടെത്താൻ കഴിയുമായിരുന്നുവെന്നും ആക്ഷേപമുണ്ട്. അരമണിക്കൂർ ഒരാളുമായി സംസാരിച്ചാൽ അയാൾ കുറ്റംചെയ്തിട്ടുണ്ടോ എന്ന് എനിക്ക് മനസിലാകും. ആ കുട്ടിയെ കണ്ടാലറിയാം ഇത്തരത്തിൽ ഒരു കാര്യം ചെയ്യാനാവില്ലെന്ന് എന്നായിരുന്നു പാറശാല സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ് ഐ പറഞ്ഞത്.
എന്നാൽ കേസ് അന്വേഷണത്തിൽ പൊലീസിന് വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് ഉന്നതർ പറയുന്നത്. കഴിഞ്ഞ ദിവസം എ ഡി ജി പി എം ആർ അജിത് കുമാർ നടത്തിയ വാർത്താസമ്മേളനത്തിനാണ് പൊലീസിനെ വെള്ളപൂശാനുള്ള ശ്രമം ഉണ്ടായത്. കേസിൽ ആദ്യമേതന്നെ വ്യക്തമായ തെളിവുകൾ ലഭിച്ചുവെങ്കിലും മറ്റ് തിരക്കുകൾ മൂലം കൂടുതൽ നടപടികളിലേക്ക് പോകാൻ കഴിഞ്ഞില്ലെന്നായിരുന്നു എ ഡി ജി പി പറഞ്ഞത്. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ട പൊലീസിന് ഒരു കൊലപാതക കേസിലെ പ്രതിയെ പിടികൂടുന്നതിനെക്കാൾ വലിയ എന്ത് തിരക്കാണെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
ഇതിനിടെയാണ് കേസുമായി ബന്ധപ്പെട്ട് പൊലീസിന്റെ ഭാഗത്തുനിന്ന് രണ്ടാമത്തെ വീഴ്ച ഉണ്ടാകുന്നത്. പ്രതി ഗ്രീഷ്മ പൊലീസ് സ്റ്റേഷനിൽ ജീവനൊടുക്കാൻ ശ്രമിച്ചതാണിത്. പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ സൂക്ഷിച്ചിരുന്ന ലൈസോൾ എടുത്തുകുടിക്കുകയായിരുന്നു.
സുരക്ഷാ പരിശോധന നടത്തിയ ശുചിമുറിയല്ല ഗ്രീഷ്മ ഉപയോഗിച്ചതെന്ന് എസ് പി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ഗ്രീഷ്മയെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. കാവലിനായി വനിതാ എസ് ഐ അടക്കം നാല് പൊലീസുകാരെയാണ് നിയോഗിച്ചിരുന്നത്. ഇത്രയും ശക്തമായ കാവലുണ്ടായിരുന്നപ്പോഴാണ് സുരക്ഷാ പരിശോധന നടത്താത്ത ശുചിമുറി ഉപയോഗിക്കാൻ പ്രതിയെ അനുവദിച്ചത്. സംഭവം വിവാദമായതോടെ പ്രതിയുടെ സുരക്ഷയിൽ വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ നടപടിയെടുക്കുമെന്ന് റൂറൽ എസ് പി ഡി ശിൽപ വ്യക്തമാക്കി. എന്നാൽ അന്വേഷണത്തിന്റെ തുടക്കത്തിൽ വീഴ്ചവരുത്തിയ പാറശാല പൊലീസിനെതിരെ നടപടിയെടുക്കാൻ ബന്ധപ്പെട്ടവർ ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം, പൊലീസ് വീഴ്ച മനപൂർവം ഉണ്ടാക്കിയതാണെന്ന് സംശയം നാട്ടുകാരിൽ ചിലർ ഉന്നയിക്കുന്നുണ്ട്.
ഇലന്തൂർ നരബലിക്കേസിലും ലോക്കൽ പൊലീസിനെതിരെ ആരോപണമുയർന്നിരുന്നു. പൊലീസിന്റെ അനാസ്ഥകൊണ്ടാണ് രണ്ടാമത്തെ കൊലപാതകം ഉണ്ടായതെന്നതിന് വ്യക്തമായ തെളിവുകളും പുറത്തുവന്നിരുന്നു. ഹെൽമറ്റ് പിടിത്തവും പെറ്റിയടിക്കലുമായി ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവർത്തനങ്ങൾ അല്ലാതെ മറ്റൊരു കാര്യവും അവർ ചെയ്യുന്നില്ലെന്നാണ് പൊതുവെയുള്ള ആക്ഷേപണം. ഇത് മാറ്റിയെടുക്കാൻ ആരും ഒന്നും ചെയ്യുന്നില്ല.