അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കണ്ണമ്മ എന്ന പവർഫുൾ കഥാപാത്രത്തിലൂടെ മലയാളികളുടെ മനസിൽ ചേക്കേറിയ താരമാണ് ഗൗരി നന്ദ. വരാൽ ആണ് നടിയുടെ പുതിയ ചിത്രം. കൗമുദി മൂവീസിലൂടെ തന്റെ കുടുംബ വിശേഷങ്ങളും സിനിമാ വിശേഷങ്ങളും ഗൗരി നന്ദ പങ്കുവയ്ക്കുന്നു.

gowri-nanda

'എന്റെ അച്ഛൻ മിലിട്ടറി ഓഫീസറായിരുന്നു. അദ്ദേഹം മരിച്ചിട്ട് ഇപ്പോൾ ഇരുപത്തിരണ്ട് വർഷത്തിന് മുകളിലായി. അമ്മ ഭയങ്കര സപ്പോർട്ടാണ്. 2020 വരെ എന്റെ കൂടെ ലൊക്കേഷനിൽ വന്നോണ്ടിരുന്നത് അമ്മയാണ്. കൊവിഡ് വന്നതിന് ശേഷം നമ്മൾ ശ്രദ്ധിക്കണമല്ലോ.'- താരം പറഞ്ഞു.


'ഒരുപാട് സിനിമകൾ ചെയ്യണമെന്നല്ല, ചെയ്യുന്ന സിനിമകളിൽ നല്ല കഥാപാത്രങ്ങളായിരിക്കണമെന്നുണ്ട്. പിന്നെ നമുക്ക് വരുന്നതല്ലേ ചെയ്യാൻ പറ്റൂള്ളൂ. വരുന്നത് മൊത്തം ഞാൻ കളഞ്ഞോണ്ടിരുന്നതല്ല. വന്ന സിനിമകളിൽ നിന്ന് ഇഷ്ടപ്പെട്ടത് തിരഞ്ഞെടുത്തു. മലയാളത്തിൽ തുടങ്ങി, തമിഴിലൊരു മൂന്ന് സിനിമ കഴിഞ്ഞു. നാലാമതൊരു സിനിമ ചെയ്‌തുകൊണ്ടിരിക്കുന്നു. നാല് സിനിമകളിലും മികച്ച കഥാപാത്രങ്ങളാണ് കിട്ടിയിരിക്കുന്നത്. തമിഴ് സിനിമയിലെ പെർഫോർമൻസ് കണ്ടിട്ടാണ് സച്ചിയേട്ടൻ എന്നെ കാസ്റ്റ് ചെയ്തത്.

സച്ചിയേട്ടൻ എഴുതിയതിൽ ഏറ്റവും സ്‌ട്രോംഗ് സ്ത്രീ കഥാപാത്രമാണ് കണ്ണമ്മ. നിന്നെക്കൊണ്ട് കണ്ണമ്മ എന്ന കഥാപാത്രം ചെയ്തിപ്പിച്ചാൽ നല്ലതായിരിക്കുമെന്ന് സച്ചിയേട്ടൻ എന്നെ വിളിച്ച് പറയുകയായിരുന്നു. ആ സിനിമയ്ക്ക് തൊട്ടുമുൻപ് ഞാൻ നല്ല തടിയുണ്ടായിരുന്നു. എല്ലുകൾ പുറത്ത് കാണുന്ന നിലയിൽ നിന്റെ ശരീരം വേണമെന്നാണ് സച്ചിയേട്ടൻ പറഞ്ഞത്. എന്റെ കണ്ണമ്മ ഇങ്ങനെയാണെന്ന് പറഞ്ഞ് അവളുടെ മുടി തൊട്ട് നഖം വരെയുള്ള കാര്യങ്ങൾ വിശദമായി എനിക്ക് പറഞ്ഞുതന്നിരുന്നു. അഞ്ച് മാസത്തിനിടെ പതിനഞ്ച് കിലോയോളം കുറച്ചത്.


മമ്മൂക്കയുടെ സിനിമയിൽ ഓപ്പോസിറ്റ് നിന്നുകൊണ്ടുള്ള ഒരു കഥാപാത്രം ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും ഗൗരി നന്ദ വ്യക്തമാക്കി. 'സിനിമയും കഥാപാത്രവുമാണ് ഞാൻ നോക്കുന്നത്. സീനിയേഴ്സിന്റെ കൂടെ മാത്രമേ ഗൗരി സിനിമ ചെയ്യുകയുള്ളോ എന്ന് പലരും പരോക്ഷമായി ചോദിക്കുന്നുണ്ട്. ഒരിക്കലുമില്ല. അതൊരു ഭാഗ്യമല്ലേ. ഇന്നേ ആൾക്കാരുടെ കൂടെ മാത്രമേ ജോലി ചെയ്യൂവെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല.'- നടി പറഞ്ഞു.