
നല്ല പഞ്ഞിപോലുള്ള ടവ്വലിൽ സുഖമായി കിടന്ന് സ്‌പാ ആസ്വദിക്കുന്ന പൂച്ച. മസാജ്, ഫേസ് പാക്ക്, സ്റ്റീം ബാത്ത്, ഫേസ് റോളിംഗ്, പെഡിക്യൂർ, മാനിക്യൂർ എന്നിങ്ങനെ ബ്യൂട്ടി പാർലറിലെ ഒട്ടുമിക്ക ട്രീറ്റ്മെന്റുകളും ആസ്വദിക്കുന്ന പൂച്ചയുടെ വീഡിയോ വൈറലാവുകയാണ്. 'ഡോണ്ട് സ്റ്റോപ്പ് മി ഓവിംഗ്' എന്ന ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച വീഡിയോയിലെ ചേസ് എന്ന പൂച്ചയാണ് ഇപ്പോഴത്തെ താരം.
ഫിഫി ഫുറ, ഭർത്താവ് കരീം ഖാലിൽ എന്നിവർ തങ്ങളുടെ ഇസ്റ്റാഗ്രാം പേജായ 'ഡോണ്ട് സ്റ്റോപ്പ് മി ഓവിംഗിൽ' പങ്കുവയ്ക്കുന്ന പൂച്ചകളുടെ വീഡിയോകൾ ഏറെ ശ്രദ്ധനേടാറുണ്ട്. 'സ്‌പാ ഡേ ആസ്വദിക്കുന്ന ചേസ്' എന്ന അടിക്കുറിപ്പോടെ പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ ലൈക്കുകളും കമന്റുകളും നിറയുകയാണ്. പത്ത് ലക്ഷത്തോളം പേരാണ് ഇതുവരെ വീഡിയോ കണ്ടിരിക്കുന്നത്.
ഒരു ബാസ്ക്കറ്റിൽ പുതപ്പ് വിരിച്ച് അതിൽ പൂച്ചയെ പുതച്ച് കിടത്തുന്നതാണ് ആദ്യം കാണുന്നത്. ശേഷം അതിന് മസാജ് നൽകുന്നു. പിന്നാലെ ഫേസ് റോളിംഗ് തുടർന്ന് ഫേസ് മാസ്ക്കും നൽകുന്നു. തുടർന്ന് വെളളരിക്ക വട്ടത്തിൽ അരിഞ്ഞത് പൂച്ചയുടെ കണ്ണിൽ വച്ച് കൊടുക്കുന്നു. നഖങ്ങൾ മസാജ് ചെയ്യുന്നതും വെട്ടികൊടുക്കുന്നതും വീഡിയോയിൽ കാണാം. ഒപ്പം സ്റ്റീം ബാത്തുമുണ്ട്. ബഹളം വയ്ക്കുകയോ ഓടിപോകാൻ ശ്രമിക്കുകയോ ചെയ്യാതെ സംഗീതം ആസ്വദിച്ച് ബ്യൂട്ടി ട്രീറ്റ്‌മെന്റുകൾ ചെയ്യുന്ന ചേസിന്റെ ദൃശ്യങ്ങൾ ഏവരെയും അത്ഭുതപ്പെടുത്തും.ചേസിനോട് അസൂയ തോന്നുന്നുവെന്നാണ് കൂടുതൽ പേരും കമന്റ് ചെയ്യുന്നത്. അവൻ ട്രീറ്റ്‌മെന്റ് ആസ്വദിക്കുന്നുണ്ടെന്നും ഏറെ ഇഷ്ടപ്പെടുന്നുവെന്നും കമന്റുകളുണ്ട്.
എപ്പോഴും വളർത്തുപൂച്ചകളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്താറുണ്ടെന്ന് ഫിഫിയും കരീമും പറയുന്നു. ആദ്യമൊക്ക ക്യാമറ കാണുമ്പേൾ പൂച്ചകൾ ഓടിപ്പോകുമായിരുന്നു. എന്നാലിപ്പോൾ ക്യാമറ ഉള്ളത് ശ്രദ്ധിക്കാറുപോലുമില്ലെന്നും ഇവർ പറയുന്നു. ചേസിന് പുറമേ മില്ലി, സ്കൈ എന്നിങ്ങനെ രണ്ട് പൂച്ചകളും ദമ്പതികൾക്കുണ്ട്. വീഡിയോ പകർത്തുന്നതിന് മുൻപും ശേഷവും പൂച്ചകൾക്ക് ട്രീറ്റ് നൽകാറുണ്ടെന്നും ഫിഫി പറഞ്ഞു.