investment

ന്യൂഡൽഹി: ബാങ്ക് പലിശയേക്കാൾ കൂടുതൽ മെച്ചം, നിക്ഷേപ കാലാവധി പൂർത്തിയാകുമ്പോൾ ഇരട്ടി ലാഭവും കിട്ടും. കേന്ദ്രസർക്കാരിന്റെ ഒരു നിക്ഷേപ പദ്ധതിയെ കുറിച്ചാണ് പറയുന്നത്. രാജ്യത്തെ കർഷകരെ ലക്ഷ്യംവച്ചുകൊണ്ട് പുറത്തിറക്കിയ 'കിസാൻ വികാസ് പത്ര'യാണ് ഈ ആകർഷക നിക്ഷേപ പദ്ധതി. ആദ്യം കർഷകർക്കു മാത്രമായിരുന്നു പദ്ധതിയിൽ ചേരാൻ അർഹതയെങ്കിലും ഇപ്പോൾ എല്ലാവർക്കും കെ വി പിയിൽ അംഗമാകാം.

1000 രൂപ മുതൽ പദ്ധതിയിൽ നിക്ഷേപിച്ച് കെ വി പി സർട്ടിഫിക്കറ്റ് സ്വന്തമാക്കാം. 123 മാസമാണ് നിക്ഷേപ കാലാവധി. ആയിരത്തിന്റെ ഗുണിതങ്ങളായി മാത്രമേ തുക നിക്ഷേപിക്കാൻ കഴിയൂ. പരമാവധി തുകയ‌്ക്ക് പരിധിയില്ല. എന്നാൽ അൻപതിനായിരത്തിന് മുകളിലുള്ള നിക്ഷേപങ്ങൾക്ക് പാൻ കാർഡ് നിർബന്ധമാണ്.

നിലവിൽ 7ശതമാനമാണ് കെ വി പിയുടെ പലിശ നിരക്ക്. ഓരോ സാമ്പത്തിക പാദത്തിലും ഈ നിരക്കിൽ വ്യത്യമാസവുമുണ്ടായേക്കാം. കേന്ദ്രസർക്കാരിന്റെ പദ്ധതിയായതിനാൽ തന്നെ റിസ്‌കും തീരെയില്ല. ഒരാൾക്ക് സ്വന്തം പേരിലോ, കുട്ടികളുടെ പേരിലോ, മറ്റൊരാളുമായി ചേർന്ന് പാർട്‌ണർഷിപ്പിലോ നിക്ഷേപത്തിന് സൗകര്യമുണ്ട്.

18 വയസാണ് കിസാൻ വികാസ് പത്രയിൽ നിക്ഷേപിക്കുന്നതിനുള്ള കുറഞ്ഞ പ്രായം. ഉയർന്ന പ്രായപരിധിയില്ല. എന്നാൽ വിദേശത്ത് താമസിക്കുന്നവർക്കോ, ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കോ പദ്ധതിയിൽ ചേരാൻ കഴിയില്ല.