vava-suresh-

തിരുവനന്തപുരം: സ്വീഡനിലെ മൃഗശാലയിൽ നിന്നും പുറത്തു ചാടിയ ഉഗ്രവിഷമുള്ള രാജവെമ്പാല തിരികെ എത്തി. ഹൗഡിനി എന്ന് പേരുള്ള ഏഴടി നീളമുള്ള രാജവെമ്പാലയാണ് തിരികെ എത്തിയത്. കാണാതായിട്ട് ഒരാഴ്‌ച പിന്നിടുമ്പോഴാണ് ഹൗഡിനി തിരികെ എത്തുന്നത്. കേരളത്തിൽ നിന്ന് വാവാ സുരേഷിനെ എത്തിച്ച് പാമ്പിനെ പിടികൂടാമെന്ന തീരുമാനത്തിൽ അധികൃതർ എത്തിയിരുന്നു. ഇതിനായി പ്രത്യേക വിമാനവും തയ്യാറാകുന്നതിനിടെയാണ് ഏവരെയും അമ്പരപ്പിച്ചുകൊണ്ടുള്ള ഹൗഡിനിയുടെ തിരിച്ചുവരവ്.

സ്വീഡൻ സർക്കാരിന്റെ (sweden) പ്രതിനിധി വാവ സുരേഷിനെ വിളിക്കുമെന്നും യാത്രയ്ക്കു കരുതിയിരിക്കണമെന്നുമുളള സന്ദേശം ഇന്നലെ സുരേഷിന് ലഭിച്ചിരുന്നു. അമേരിക്കയിലെ വൈറ്റ് ഹൗസിൽ നിന്നാണ് സന്ദേശമെത്തിയത്. കൗമുദി ടി.വി സംപ്രേഷണം ചെയ്തുവരുന്ന സ്നേക്ക് മാസ്റ്റർ (snake master) എന്ന പരിപാടിയാണ് ഇതിനു പ്രേരണയായത്.

വാവ സുരേഷ് കേരളീയനായതിനാൽ സ്പെയിനിലെ ഉന്നത ഉദ്യോഗസ്ഥൻ അദ്ദേഹത്തിന്റെ സുഹൃത്തായ വൈറ്റ് ഹൗസിലെ മലയാളി ഉദ്യോഗസ്ഥനുമായി ഫോണിൽ വിവരം തിരക്കി. വാവയുടെ പാമ്പ് പിടിത്ത വീഡിയോകൾ നേരത്തെ കൗമുദി യുട്യൂബിലൂടെ കണ്ടിട്ടുള്ള ഉദ്യോഗസ്ഥൻ കേരളകൗമുദി ‌ഡെപ്യൂട്ടി എ‌ഡിറ്റർ എ.സി. റെജിയെ ഫോണിൽ വിളിച്ച് വിവരം പറഞ്ഞു. എ.സി. റെജിയിൽ നിന്നു നമ്പർ വാങ്ങി ഇതേ ഉദ്യോഗസ്ഥൻ തന്നെ വാവ സുരേഷിനെ വിളിച്ച് തയ്യാറായി ഇരിക്കാൻ പറയുകയായിരുന്നു.

സ്വീഡിനിലെ 22 ശതമാനം ജനങ്ങളും വസിക്കുന്ന തലസ്ഥാന നഗരമാണ് സ്റ്റോക്ക് ഹോം. അവിടത്തെ മൃഗശാലയിൽ നിന്ന് എങ്ങനെയോ ഇഴഞ്ഞുപോയ രാജവെമ്പാല ജനവാസ കേന്ദ്രത്തിൽ എത്തിയേക്കാമെന്നായിരുന്നു നിഗമനം. തണുപ്പുകാലം തുടങ്ങിയതിനാൽ പാമ്പിനെ പിടിക്കുക പ്രയാസമായി. അതിനാൽ ജനങ്ങൾ ഏറെ പരിഭ്രാന്തരാണ്. ഒരു വിദഗ്ദ്ധനെ എത്തിച്ച് പാമ്പിനെ കണ്ടെത്താൻ മൃഗശാല അധികൃതർ തീരുമാനിച്ചത് അതുകൊണ്ടാണ്. ഇതു സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർ ഇന്റർനെറ്റിൽ തിരഞ്ഞപ്പോഴാണ് വാവ സുരേഷിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. കൗമുദി ടി.വി യുടെ യുട്യൂബ് ചാനലിൽ വാവയുടെ പാമ്പുപിടിത്ത ദൃശ്യങ്ങൾ കണ്ടതോടെ മതിപ്പേറി.