
റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സാറ്റർഡേ നെെറ്റ്'. ചിത്രത്തിൽ നിവിൻ പോളി,സെെജു കുറുപ്പ്, അജു വർഗീസ്, സിജു വിൽസൻ,സാനിയ ഇയ്യപ്പൻ, ഗ്രേസ് ആന്റണി, മാളവിക എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവംബർ നാലിന് ചിത്രം റീലിസ് ചെയ്യും. ഇപ്പോൾ ഇതാ ചിത്രത്തിന്റെ പ്രചരണത്തിനായി ദുബായിലെത്തിയ താരങ്ങളുടെ വീഡിയോയാണ് വെെറൽ ആയിരിക്കുന്നത്.
സിജു വിൽസൻ,സെെജു കുറുപ്പ് എന്നിവർ ചിത്രം തിയേറ്ററിൽ പോയി കാണണം എന്ന് പറയുമ്പോൾ ഇടയിൽ വന്ന് ഐശ്വര്യ 'വേണേൽ കുമാരി കൂടി കണ്ടോളൂ. തീയേറ്ററിന്റെ അപ്പുറത്ത് തന്നെയുണ്ടാകും ' എന്ന് പറയുന്നു. തുടർന്ന് ഒപ്പം നിന്ന എല്ലാ താരങ്ങളും പൊട്ടിച്ചിരിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. കുമാരിയുടെ യുഎഇ റിലീസിന്റെ ഭാഗമായി ദുബായിൽ എത്തിയതായിരുന്നു ഐശ്വര്യ.
ഐശ്വര്യ ലക്ഷ്മി തന്റെ സോഷ്യൽ മീഡിയ പേജിൽ വീഡിയോ പങ്കു വച്ചിട്ടുണ്ട്. നിർമൽ സഹദേവിന്റെ സംവിധാനത്തിൽ ഐശ്വര്യ ലക്ഷ്മി, സുരഭി ലക്ഷ്മി, ഷെെൻ ടോം ചാക്കോ, സ്വാസിക, തൻവി റാം എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന ചിത്രമാണ് കുമാരി. ചിത്രത്തിന് തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.