അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് ഗുജറാത്ത് സർക്കാർ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം, അപകടസ്ഥലം സന്ദർശിക്കും ബി.ജെ.പി എം.പിയുടെ കുടുംബാംഗങ്ങളായ 12 പേരും മരിച്ചു അനുശോചിച്ച് റഷ്യയും സൗദി അറേബ്യയും ഇസ്രയേലും
മോർബി: മച്ചു നദിയിൽ തൂക്കുപാലം തകർന്നുണ്ടായ അപകടത്തിൽ സ്ത്രീകളും കുട്ടികളും അടക്കം മരണമടഞ്ഞവരുടെ സംഖ്യ 144 ആയി. 170 പേരെ രക്ഷപ്പെടുത്തി. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്. പാലം നവീകരിച്ച കരാർ ഏജൻസിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. അജന്ത ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിന്റെ മാനേജർമാർ, സെക്യൂരിറ്റി, ടിക്കറ്റ് വിറ്റവർ തുടങ്ങി ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ ഗുജറാത്ത് സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചു. അപകടസ്ഥലം സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് എത്തും. ദുരന്തത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ അദ്ദേഹം നിർദ്ദേശം നൽകി.
പാലം പൊട്ടിവീഴാൻ കാരണമായത് അനുവദനീയമായ എണ്ണത്തിൽ കൂടുതൽ പേർ കയറിയതിനാലാണെന്ന് ഫോറൻസിക് സംഘം പരിശോധനയ്ക്ക് ശേഷം പറഞ്ഞു. ബ്രിട്ടീഷ് ഭരണകാലത്ത് പണിത പാലം പുതുക്കിപ്പണിയാനായി 7 മാസം അടിച്ചിട്ട ശേഷം 26 നാണ് തുറന്ന് കൊടുത്തത്.
മരിച്ചവരിൽ 47 പേർ പ്രായപൂർത്തിയാകാത്തവരാണ്. രണ്ട് വയസുള്ള ഒരു കുഞ്ഞും മരിച്ചു. രാജ്‌കോട്ടിൽ നിന്നുള്ള ബി.ജെ.പി എം.പി മോഹൻഭായ് കുണ്ഡരിയയുടെ 12 അംഗ കുടുംബാംഗങ്ങളും മരിച്ചവരിൽ ഉൾപ്പെടുന്നു. ഇതിൽ അഞ്ചു പേർ കുട്ടികളാണ്. ദുരന്തത്തിൽ സൗദി അറേബ്യയും യു.എസ് മിഷനും ഇസ്രയേൽ പ്രധാനമന്ത്രി യെയ്ർ ലാപ്പിഡും റഷ്യൻ പ്രസിഡന്റ് പുട്ടിനും അനുശോചനം രേഖപ്പെടുത്തി.
അപകടസമയത്ത് പാലത്തിൽ 500ഓളം പേർ ഉണ്ടായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അജന്ത ക്ളോക്കിന്റെ അനുബന്ധ കമ്പനിയായ ഒറേവ ഗ്രൂപ്പാണ് മോർബി മുനിസിപ്പാലിറ്റിയുമായി പാലം പരിപാലിക്കാൻ 15 വർഷത്തെ കരാർ എടുത്തിട്ടുള്ളത്. ഇവർ മറ്റൊരു ചെറിയ നിർമ്മാണകമ്പനിക്ക് സബ് കോൺട്രാക്ട് നൽകുകയായിരുന്നു. അവർക്ക് വേണ്ടത്ര നിർമ്മാണപരിചയം ഇല്ലെന്നാണ് റിപ്പോർട്ട്. അതേസമയം, പാലം തുറന്ന് കൊടുക്കുന്ന കാര്യം ഒറേവ കമ്പനി തങ്ങളെ അറിയിച്ചിരുന്നില്ലെന്നും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്നും മോർബി മുനിസിപ്പൽ ചെയർമാൻ സന്ദീപ് സിംഗ് സല പറഞ്ഞു. ഇക്കാര്യത്തിൽ ഒറേവ കമ്പനി പ്രതികരിച്ചിട്ടില്ല.
പ്രധാനമന്ത്രിയുടെ
നേതൃത്വത്തിൽ
ഉന്നതലയോഗം
ഗുജറാത്തിൽ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്നലെ രാവിലെ രാജ്ഭവനിൽ ഉന്നതല യോഗം ചേർന്നു. ദുരന്തത്തിൽ പെട്ടവർക്ക് എല്ലാ സഹായവും നൽകുമെന്ന് അദ്ദേഹം പറഞ്ഞു.