kashmir

ശ്രീനഗർ: ജമ്മു-കാശ്മീരിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച പാക് ഭീകരനെ വെടിവച്ചു കൊന്നു. കുപ‌്‌വാരയിൽ ഇന്നലെ ഉച്ചയോടെയായിരുന്നു നുഴഞ്ഞുകയറ്റ ശ്രമം.

കേരൻ സെക്ടറിലെ നിയന്ത്രണ രേഖ വഴി ഭീകരൻ അതിർത്തി കടക്കാൻ ശ്രമിച്ചത് സുരക്ഷാ സേനയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. സംശയാസ്പദ നീക്കം ശ്രദ്ധയിൽപ്പെട്ട സുരക്ഷാ സേന ഭീകരനെ വളഞ്ഞതോടെ ഇയാൾ സുരക്ഷാ സേനയെ ആക്രമിക്കുകയായിരുന്നു. സുരക്ഷാ സേന നടത്തിയ വെടിവയ്പിൽ ഭീകരൻ കൊല്ലപ്പെട്ടു.

അതിനിടെ, പുൽവാമയിൽ വാഹനത്തിലെത്തിയ രണ്ട് ഭീകരരെ സേന പിടികൂടി. ഭീകരർ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഇവർ പിടിയിലായത്. ഗൗഹർ മൻസൂർ, അക്വിബ് ഹുസൈൻ നന്ദ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തു. ഇവരെ ജമ്മു-കാശ്മീർ പാെലീസിന് കൈമാറി.

മരണമടഞ്ഞ പാക് ഭീകരനെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. പാകിസ്ഥാൻ ഭീകരരെ ഇന്ത്യയിലേക്ക് തള്ളിവിടുകയാണെന്ന് ജമ്മു-കാശ്മീർ ഡി.ജി.പി ദിൽബഗ് സിംഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നുഴഞ്ഞു കയറ്റ ശ്രമമുണ്ടായത്. നുഴഞ്ഞു കയറ്റ ശ്രമം ഇനിയും ഉണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രദേശത്ത് സുരക്ഷാ സേന തെരച്ചിൽ തുടരുകയാണ്.