
കോതൂർ (തെലങ്കാന): ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയം ഉറപ്പാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. സംസ്ഥാനത്ത് ആംആദ്മിയുടേത് പരസ്യങ്ങളുടെ ഇരമ്പം മാത്രമാണ്. ജനങ്ങളുടെ പിന്തുണയോ അടിത്തറയോ ഇല്ല. അവർ മത്സരംഗത്ത് ചിത്രത്തിലേ ഇല്ല. ബി.ജെ.പി സർക്കാരിനെതിരെ ഭരണവിരുദ്ധവികാരം ഉടലെടുത്തിട്ടുണ്ടെന്നും വിജയം കോൺഗ്രസിനായിരിക്കുമെന്നും പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
അതേസമയം, തെലങ്കാന രാഷ്‌ട്ര സമിതിയുമായുള്ള സഖ്യസാദ്ധ്യത അദ്ദേഹം തള്ളിക്കളഞ്ഞു. കോൺഗ്രസ് നിലപാടിന് തികച്ചും വിരുദ്ധമാണ് ടി.ആർ.എസിന്റേത്. അവരുടെ അഴിമതിയും സമീപനവും നിലപാടും തങ്ങൾക്ക് സ്വീകാര്യമല്ല. ടി.ആർ.എസ് സ്ഥാപകൻ ചന്ദ്രശേഖർ റാവു പാർട്ടിയുടെ പേര് ഭാരത് രാഷ്ട്ര സമിതി എന്ന് മാറ്റുന്നതിനെക്കുറിച്ച് തനിക്ക് പ്രത്യേകിച്ച് ഒന്നും പറയാനില്ല. തെലങ്കാന മുഖ്യമന്ത്രിക്ക് താൻ നയിക്കുന്നത് ദേശീയപാർട്ടിയാണെന്നോ അന്താരാഷ്ട്ര പാർട്ടിയാണെന്നോ സങ്കല്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു പ്രതികരണം.