
കാൻബെറ: ടി20 ലോകകപ്പിന്റെ ഭാഗമായി ഓസ്ട്രേലിയയിലുള്ള ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ ഹോട്ടൽ മുറിയിൽ കയറി അജ്ഞാതൻ ദൃശ്യങ്ങൾ പകർത്തിയതായി പരാതി. ഭയപ്പെടുത്തുന്ന കാര്യമാണിതെന്നും സ്വകാര്യതയിൽ ആശങ്കയുണ്ടെന്നും താരം പറഞ്ഞു. ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവച്ചുകൊണ്ടാണ് വിരാട് ഇക്കാര്യം വെളിപ്പെടുത്തിയത്.
'തങ്ങളുടെ പ്രിയപ്പെട്ട കളിക്കാരെ കാണുമ്പോൾ ആരാധകർ സന്തോഷവും ആവേശവും പ്രകടിപ്പിക്കുകയും അവരെ കാണുന്നതിൽ ആവേശഭരിതരാകുകയും ചെയ്യുന്നുവെന്നത് ഞാൻ മനസിലാക്കുന്നു. ഞാൻ അത് അഭിനന്ദിക്കുകയും ചെയ്യുന്നു. എന്നാൽ ഈ വീഡിയോ ഭയപ്പെടുത്തുന്നതാണ്. എന്റെ സ്വകാര്യതയെക്കുറിച്ച് ആശങ്ക തോന്നുന്നു. എന്റെ സ്വന്തം ഹോട്ടൽ മുറിയിൽ എനിക്ക് സ്വകാര്യത സാദ്ധ്യമല്ലെങ്കിൽ, മറ്റെവിടെ നിന്ന് പ്രതീക്ഷിക്കാനാകും? ഇത്തരത്തിലുള്ള ഭ്രാന്തമായ ആരാധനയും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും ശരിയല്ല. ദയവായി ആളുകളുടെ സ്വകാര്യതയെ മാനിക്കുക. അവരെ വിനോദത്തിനുള്ള ക്രയവസ്തുവായി കാണരുത്'- കോഹ്‌ലി വ്യക്തമാക്കി.
താരത്തിന്റെ പോസ്റ്റിന് പിന്നാലെ ഡേവിഡ് വാർണർ, കാജൾ അഗർവാൾ, വരുൺ ധവാൻ, അർജുൻ കപൂർ അടക്കമുള്ള താരങ്ങൾ വിരാടിന് പിന്തുണയുമായി രംഗത്തുവന്നു. സംഭവം ഭയാനകമാണെന്നും ധാർമികമല്ലെന്നും ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ലെന്നും താരങ്ങൾ പ്രതികരിച്ചു.