
വെളിപ്പെടുത്തലുമായി ദുരന്തത്തെ അതിജീവിച്ച യുവാവ് സി.സി ടിവി ദൃശ്യങ്ങൾ പുറത്തുവന്നു
മോർബി: 140ലധികം പേരുടെ മരണത്തിന് ഇടയാക്കിയ തൂക്കുപാലം അപകടത്തിൽ പെടുന്നതിന് കാരണമായത് കുറച്ചു യുവാക്കളുടെ വികൃതിയാണെന്ന് ദുരന്തത്തെ അതിജീവിച്ച യുവാവ് വെളിപ്പെടുത്തി.
”പാലം പൊട്ടിവീഴുന്നതിന് മുമ്പ് കുറച്ച് യുവാക്കൾ വികൃതി കാണിക്കുന്നുണ്ടായിരുന്നു. അവർ പാലം കുലുക്കിയതോടെ പാലം അപകടകരമായ രീതിയിൽ ഉലയുന്നുണ്ടായിരുന്നു. ഏകദേശം 15-20ഓളം പേരടങ്ങുന്ന സംഘമായിരുന്നു അത്. പാലം തകരാൻ പോകുന്നുവെന്ന സൂചന പോലെ മൂന്ന് തവണ വലിയ ശബ്ദമുണ്ടായി. തൊട്ടുപിന്നാലെ പാലം തകർന്ന് വീണു.” ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട അശ്വിൻ മിശ്രയെന്ന യുവാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കുന്ന സി.സി ടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സമീപമുണ്ടായിരുന്ന മരത്തിന്റെ ശിഖരങ്ങളിൽ പിടിത്തം കിട്ടിയതിനാലാണ് താനും സുഹൃത്തും രക്ഷപ്പെട്ടതെന്ന് അശ്വിൻ പറഞ്ഞു. അശ്വിന്റെ കാലുകൾക്കും മുതുകിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. രക്ഷപ്പെട്ട നൂറിലധികം പേർ ജി.എം.ഇ.ആർ.എസ് ജനറൽ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്.