
പെർത്ത്: ട്വന്റി - 20 ലോകകപ്പിനായി ഓസ്ട്രേലിയയിലുള്ള ഇന്ത്യൻ താരം വിരാട് കൊഹ്‌ലിയുടെ ഹോട്ടൽ മുറിയിൽ കയറി ദൃശ്യങ്ങൾ പകർത്തി ടിക്ടോക്കിൽ പോസ്റ്റ് ചെയ്ത ഹോട്ടൽ ജീവനക്കാരനെ പിരിച്ചുവിട്ടു. ഇന്ത്യൻ ടീം താമസിക്കുന്ന പെർത്തിലെ ക്രൗൺ ടൗൺ ഹോട്ടൽ അധികൃതർ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംഭവത്തിൽ ഹോട്ടൽ അധികൃതർ ഖേദം പ്രകടിപ്പിച്ചു. കൊഹ്‌ലി സ്ഥലത്ത് ഇല്ലാത്ത സമയത്തായിരുന്നു ജീവനക്കാരൻ അദ്ദേഹത്തിന്റെ മുറിയിൽ കയറി ദൃശ്യങ്ങൾ പകർത്തി കിംഗ് കൊഹ്‌ലിയുടെ റൂം എന്ന ക്യാപ്ഷനിട്ട് ടിക്ടോക്കിൽ പോസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ കൊഹലി തന്നെ ഈ ദ്യശ്യങ്ങൾ പങ്കുവച്ച് സുരക്ഷയിലുള്ള ആശങ്ക അറിയിച്ചിരുന്നു.
‘പ്രിയപ്പെട്ട താരങ്ങളെ കാണുന്നത് ആരാധകർക്കു വളരെ സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്ന് മനസിലാകും. എന്നാൽ ഈ വിഡിയോ ഭയപ്പെടുത്തുന്നതാണ്. എന്റെ സ്വകാര്യതയിൽ ആശങ്കയുണ്ട്. എന്റെ ഹോട്ടൽ മുറിയിൽ സ്വകാര്യത ലഭിച്ചില്ലെങ്കിൽ മറ്റെവിടെയാണു അതു പ്രതീക്ഷിക്കേണ്ടതെന്നും വീഡിയോയ്ക്കൊപ്പം കൊഹ്‌ലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇത്തരം ഭ്രാന്തമായ ആരാധനയോട് യോജിപ്പില്ലെന്നും സ്വകാര്യതയെ മാനിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തനിക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇത് ശരിയല്ലെന്നും കൊഹ്‌ലിയുടെ ഭാര്യയും നടിയുമായ അനുഷ്ക ശമ്മയും വ്യക്തമാക്കി. ഓസീസ് താരം ഡേവിഡ് വാർണർ ഉൾപ്പെടെയുള്ളവർ കൊഹ്‌ലിക്ക് പിന്തുണയറിയിച്ച് രംഗത്തെത്തി.