iran

ടെഹ്‌റാൻ: ഇറാനിലെ പ്രശസ്ത ഷെഫ് മെഹർഷാദ് ഷാഹിദിനെ റവല്യൂഷനറി ഗാർഡ് മർദ്ദിച്ച് കൊല്ലപ്പെടുത്തി. ഇറാന്റെ ജാമി ഒലിവർ എന്നറിയപ്പെട്ട മെഹർഷാദ് 20-ാം ജന്മദിനത്തിന്റെ തലേദിവസമാണ് കൊല്ലപ്പെട്ടത്. ഹിജാബ് വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്തതിന് ഷാഹിദിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദ്ദിച്ചെന്നു. തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നും ആന്തരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഷാഹിദിന്റെ മരണത്തെ തുടർന്ന് ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ഷാഹിദിന്റെ മരണത്തിൽ ഉത്തരവാദിത്തമില്ലെന്ന് ഇറാനിയൻ അധികൃതർ പറഞ്ഞു. എന്നാൽ തന്റെ മകൻ ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് മൊഴി നൽകാൻ പൊലീസ് തങ്ങളുടെ മേൽ സമ്മ‌ർദ്ദം ചെലുത്തിയതായി ഷാഹിദിന്റെ മാതാപിതാക്കൾ അറിയിച്ചു. ഷാഹിദ് ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ച ശേഷം തട്ടിക്കൊണ്ടുപോകുകയായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു.

ഇതിനെതിരെ സോഷ്യൽ മീഡിയയിലും പ്രതിഷേധമുയരുന്നുണ്ട്. ഹിജാബ് ശരിയായി ധരിക്കാത്തതിന് ഇറാനിലെ പൊലീസ് മർദ്ദിച്ച് കൊലപ്പെടുത്തിയ മഹ്സ അമിനിയുടെ മരണത്തെ തുടർന്ന് ഇറാനിൽ ആരംഭിച്ച പ്രതിഷേധം ഇനിയും അവസാനിച്ചിട്ടില്ല. നൂറുകണക്കിന് ആളുകളാണ് ഇത് വരെ പൊലീസിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസവും ഇറാനിലെ മഹാബാദിൽ നടന്ന വെടിവയ്പ്പിൽ എട്ട് പേർ കൊല്ലപ്പെട്ടിരുന്നു.