 
തിരുവനന്തപുരം: തൊണ്ണൂറ്റഞ്ച് ശതമാനത്തോളം പണി പൂർത്തിയായ കഴക്കൂട്ടത്തെ ആകാശപാത ഈ മാസം അവസാനത്തോടെ തുറന്നു കൊടുക്കുമെന്ന് ആർ.ഡി.എസ് പ്രോജക്ട്സിന്റെ വൈസ് പ്രസിഡന്റായ കേണൽ എം.ആർ.ആർ.നായർ പറഞ്ഞു. 2.271 കിലോമീറ്റർ ദൈർഘ്യമുള്ള കേരളത്തിലെ ഏറ്റവും നീളം കൂടിയ എലിവേറ്റഡ് ഹൈവേക്കായി സ്ഥലമെടുപ്പിനുള്ള തുക സംസ്ഥാനം 25 ശതമാനവും കേന്ദ്രം 75 ശതമാനവുമാണ് മുടക്കിയത്.
	എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണത്തിനുള്ള 195.50കോടി രൂപ കേന്ദ്രത്തിന്റെ മാത്രം മുതൽമുടക്കാണ്.
730 ദിവസം കൊണ്ടാണ് പണി പൂർത്തിയാക്കിയത്. ലോക്ഡൗൺ കാരണം സമയബന്ധിതമായി പണി പൂർത്തിയാക്കാത്തതിനാൽ അവസാന മാസങ്ങളിൽ 75 ലക്ഷത്തോളം രൂപ വീതം കമ്പനിക്ക് അധികമായി ചെലവാക്കേണ്ടി വന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിലോകോത്തര നിലവാരത്തിലാണ് ആകാശപാത പണിതിരിക്കുന്നത്. ഉദ്ഘാടനത്തിന്റെ കൃത്യമായ തീയതി ഇതുവരെ അതോറിട്ടിയിൽ നിന്നും കിട്ടിയിട്ടില്ല. ഈ മാസം തന്നെ സഞ്ചാരത്തിനായി തുറന്നു കൊടുക്കാവുന്ന തരത്തിൽ പണികൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും കേണൽ നായർ പറഞ്ഞു
	കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാരുടെ സഹകരണവും കഴക്കൂട്ടത്തെ വ്യാപാരികളും നാട്ടുകാരും വിവിധ രാഷ്ട്രീയ പാർട്ടികളിലെ പ്രാദേശിക നേതാക്കളുടെ സഹകരണവുമാണ് ഇത്രയും വേഗം പണി പൂർത്തിയാക്കാൻ കഴിഞ്ഞതെന്നും കേണൽ നായർ പറഞ്ഞു