
കൊച്ചി: നടിയെ ആക്രമിച്ച് കേസിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച അധികകുറ്റപത്രത്തിലെ കുറ്റങ്ങൾ നിഷേധിച്ച് പ്രതികളായ നടൻ ദിലീപും സുഹൃത്ത് ശരത്തും. എറണാകുളം ജില്ലാ സെഷൻസ് കോടതിയിലെ അടച്ചിട്ട മുറിയിലാണ് അധിക കുറ്റപത്രം പ്രതികളെ വായിച്ച് കേൾപ്പിച്ചത്. ആദ്യം വിസ്തരിക്കേണ്ട സാക്ഷികളുടെ പട്ടികയും പ്രോസിക്യൂഷൻ കോടതിക്ക് കൈമാറി. നടി മഞ്ജു വാര്യർ, ബാലചന്ദ്രകുമാർ എന്നിവരും ആദ്യം വിസ്തരിക്കേണ്ട സാക്ഷികളുടെ പട്ടികയിൽ ഉണ്ട്. കേസ് നവംബർ മൂന്നിന് വീണ്ടും പരിഗണിക്കും,
ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് ദിലീപും ശരത്തും നൽകിയ ഹർജികൾ എറണാകുളം ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. തെളിവ് നശിപ്പിച്ചതടക്കം പുതുതായി ചുമത്തിയ രണ്ട് കുറ്റങ്ങൾ നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു
ക്രൈംബ്രാഞ്ച് നൽകിയ തുടരന്വേഷണ റിപ്പോർട്ടിലെ തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്നും തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്നുമായിരുന്നു എട്ടാം പ്രതി ദിലീപ്, 15ാം പ്രതി ശരത്ത് എന്നിവർ ആവശ്യപ്പെട്ടത്. ബാലചന്ദ്രകുമാറിന്‍റെ മൊഴിയെ തുടർന്ന് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ തങ്ങൾക്കെതിരെ പുതിയ കണ്ടെത്തലുകൾ ഉണ്ടായിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ നടിയെ ആക്രമിച്ച ദൃശ്യം ദിലിപിന്‍റെ കൈവശമെത്തിയതിന് തെളിവുണ്ടെന്നും ശരത്തുമായി ചേർന്ന് ഇതുമായി ബന്ധപ്പെട്ട ഫോൺരേഖകൾ വാട്സാപ്പ് ചാറ്റുകൾ അടക്കം നശിപ്പിച്ചെന്നുമായിരുന്നു പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. ഗൂഢാലോചനയിൽ ഇരുവർക്കുമെതിരായ പുതിയ കണ്ടെത്തലുകൾ നിലനിൽക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഈ വാദങ്ങൾ പരിഗണിച്ചാണ് പ്രതികളുടെ ഹർജികൾ കോടതി തള്ളിയത്.