elanthoor-issue

കൊച്ചി: ഇലന്തൂരിൽ നരബലിക്ക് ഇരയായ തമിഴ്‌നാട് ധർമ്മപുരി സ്വദേശിനി കൊച്ചിയിൽ ലോട്ടറിവിറ്റ് ഉപജീവനം നയിച്ചിരുന്ന പത്മയുടെ മൃതദേഹം ഡി.എൻ.എ പരിശോധനാഫലം ലഭിച്ചശേഷം വിട്ടുനൽകുമെന്ന് കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ വി. ശശിധരൻ പറഞ്ഞു. പത്മയുടെ ശരീരം അൻപത്തിയാറ് ഭാഗങ്ങളാക്കിയാണ് പ്രതികൾ മുറിച്ചത്. ഒരോന്നിന്റെയും ഡി.എൻ.എ പരിശോധന പ്രത്യേകമായി പൂർത്തിയാക്കേണ്ടതുണ്ട്. നവംമ്പർ അവസാനം പൂർണ ഡി.എൻ.എ ഫലം തിരുവനന്തപുരം ഫോറൻസിക് സയൻസ് ലാബിൽനിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പത്മയുടെ മൃതദേഹം വിട്ടുകിട്ടാൻ വൈകുന്നെന്ന പരാതിയുമായി മകൻ സെൽവരാജും അവരുടെ സഹോദരി പളനിയമ്മയും ഇന്നലെ തന്നെ വന്ന് കണ്ടിരുന്നു. ഇവരെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ടെന്നും ഡി.സി.പി പറഞ്ഞു. കേസിൽ കുടുതൽ പ്രതികളുണ്ടോയെന്ന് ഇപ്പോൾ പറയാനാകില്ല. തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം നൽകുമെന്നും ഡി.സി.പി പറഞ്ഞു.