mk-stalin

ചെന്നൈ: കോയമ്പത്തൂർ ഭീകരാക്രമണക്കേസിൽ സമയോചിതമായ ഇടപെടൽ നടത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആദരിച്ച് തമിഴ്നാട് സർക്കാർ. കാർ ബോംബ് സ്ഫോടനക്കേസിൽ കാര്യക്ഷമമായ അന്വേഷണം കാഴ്ചവെച്ച ഉദ്യോഗസ്ഥർക്ക് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രശംസാപത്രം നൽകിയാണ് ആദരിച്ചത്. കേസന്വേഷണത്തിൽ തമിഴ്നാട് പൊലീസ് വീഴ്ച വരുത്തിയെന്ന് ബിജെപി ആരോപണമുന്നയിക്കുന്നതിനിടയിലാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അനുമോദിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചത്. സ്ഫോടനം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതികളെ അറസ്റ്റ് ചെയ്തതിനും നിർണായക തെളിവുകൾ ശേഖരിച്ചതിനുമാണ് ഉദ്യോഗസ്ഥരെ ആദരിച്ചതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ദീപാവലി ദിനത്തിൽ നടന്ന സ്ഫോടന സംഭവത്തിന്റെ അന്വേഷണത്തിനായി 12 മണിക്കൂറിനുള്ളിൽ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ആറ് പേരെ അറസ്റ്റ് ചെയ്യുകയും സ്ഫോടക വസ്തുക്കൾ പിടിച്ചെടുകയും ചെയ്തു. കൂടാതെ ദീപാവലി ആഘോഷത്തിനിടയിലെ ഭീകരാക്രമണത്തിന് ശേഷവും നഗരത്തിലെ ക്രമസമാധാന പാലനവും കുറ്റമറ്റ രീതിയിൽ തന്നെ പൊലീസ് പാലിച്ചതായി നോക്കിക്കണ്ടായിരുന്നു അന്വേഷണ സംഘത്തിലെ എല്ലാ ഉദ്യോഗസ്ഥരെയും തലസ്ഥാന നഗരിയിലെത്തിച്ച് ആദരിച്ചത്. ആകെയുള്ള 58 പൊലീസ് ഉദ്യോഗസ്ഥരിൽ 14 പേർക്ക് മുഖ്യമന്ത്രി നേരിട്ടാണ് പ്രശംസാ പത്രം കൈമാറിയത്.

അതേ സമയം സംഭവത്തിൽ ഗുരുതര ഇന്റലിജൻസ് വീഴ്ച സംഭവിച്ചതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ ആരോപിച്ചിരുന്നു. ഇന്റലിജൻസ് റിപ്പോർട്ടിലെ ഐഎസ് ബന്ധം സംശയിക്കുന്നവരുടെ പട്ടികയിൽ സ്ഫോടനത്തിൽ മരിച്ച 'ജമേഷ മുബീനും' ഉൾപ്പെട്ടിരുന്നതായും പൊലീസ് നേതൃത്വം ഈ മുന്നറിയിപ്പ് പാടേ അവഗണിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി. സ്ഫോടനം നടന്നതിന് ശേഷം കേസ് ദേശീയ അന്വേഷണ ഏജൻസിയ്ക്ക് കൈമാറുന്നതിൽ തമിഴ്നാട് സർക്കാർ മനഃപൂർവ്വമായ കാലതാമസം വരുത്തി എന്ന ആരോപണവുമായി ഗവർണർ ആർ എൻ രവിയും രംഗത്തെത്തിയിരുന്നു.