
ന്യൂഡൽഹി: സംസ്ഥാന സർക്കാരുമായി ഇടഞ്ഞു നിൽക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കോൺഗ്രസ് ദേശീയ നേതൃത്വം പിന്തുണയ്ക്കില്ല. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായുള്ള കൂടിക്കാഴ്‌ചയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയാണ് നിലപാട് വ്യക്തമാക്കിയത്. എൻ.സി.പി നേതാവ് ശരത് പവാറിനെയും യെച്ചൂരി കണ്ടു.
കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിൽ ഗവർണർമാർ നടത്തുന്ന അനാവശ്യ ഏറ്റുമുട്ടലിനെതിരെ പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ‌്മയുണ്ടാക്കാൻ ചർച്ച തുടങ്ങിയെന്ന് യെച്ചൂരി പറഞ്ഞിരുന്നു.ഗവർണറുടെ നിലപാടുകൾക്ക് പലപ്പോഴും പിന്തുണ നൽകിയ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന് ദേശീയ നേതൃത്വത്തിന്റെ നിലപാട് തിരിച്ചടിയായി.