
ബാലതാരമായി വന്ന് നായികയായി വളർന്ന മലയാളത്തിന്റെ പ്രിയതാരമാണ് മഞ്ജിമ മോഹൻ. ഇപ്പോൾ ഇതാ തന്റെ പ്രണയവിവരം സോഷ്യൽ മീഡിയയിലൂടെ പങ്കു വച്ചിരിക്കുകയാണ് താരം. തമിഴ് നടൻ ഗൗതം കാർത്തിക്കുമൊത്തുള്ള ചിത്രങ്ങൾ പങ്ക് വച്ചാണ് പ്രണയ വിവരം അറിയിച്ചത്.
ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിൽ കാവൽ മാലാഖയായി വന്ന ആളാണ് ഗൗതമെന്നും ഞാൻ എത്രമാത്രം അനുഗ്രഹിതയാണെന്ന് തിരിച്ചറിയാൻ ഗൗതം എന്നെ സഹായിച്ചെന്നുമുള്ള അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്ക് വച്ചിരിക്കുന്നത്. ജീവിതത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് ഗൗതം മാറ്റിയെന്നും മഞ്ജിമ പറഞ്ഞു.
മീര നന്ദൻ, സംയുക്ത മേനോൻ, ജീവ, ആരതി തുടങ്ങിയ ഒട്ടേറെ താരങ്ങൾ ആശംസകളുമായി രംഗത്ത് വന്നിട്ടുണ്ട്. സൗഹൃദം പിന്നെ പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നുവെന്ന് ഗൗതം കാർത്തിക് അറിയിച്ചു.
മഞ്ജിമയും ഗൗതവും ഒന്നിച്ച് അഭിനയിച്ച ദേവരാട്ടം എന്ന ചിത്രത്തിന്റെ ഷൂട്ടിനിടയിൽ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. ആദ്യം പ്രണയവിവരം പ്രചരിച്ചപ്പോൾ മഞ്ജിമ അത് നിഷേധിച്ചിരുന്നു. ഗൗതവും അതേ കുറിച്ച് പ്രതികരിച്ചില്ല. എന്നാൽ ഇപ്പോൾ ആ സന്തോഷവാർത്ത അവർ തന്നെ പങ്ക് വച്ചിരിക്കുകയാണ്.
തമിഴ് നടൻ കാർത്തിക്കിന്റെ മകനാണ് ഗൗതം. മണിരത്നം സംവിധാനം ചെയ്ത കടൽ എന്ന ചിത്രത്തിലൂടെയാണ് ഗൗതം തുടക്കം കുറിച്ചത്. ബാലതാരമായി അഭിനയിച്ചിരുന്ന മഞ്ജിമ 2015 ൽ നിവിൻ പോളിയുടെ നായികയായി ഒരു വടക്കൻ സെൽഫിയിലൂടെയാണ് സജീവമായി വീണ്ടും സിനിമാ രംഗത്ത് എത്തിയത്.