
കൊച്ചി: കീഴുദ്യോഗസ്ഥനെതിരെ ലൈംഗികാതിക്രമം നടത്തിയ സബ് ഇൻസ്പെക്ടർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞ 24-ന് നടന്ന സംഭവത്തിൽ ഇരയായ പൊലീസുകാരൻ നൽകിയ പരാതിയിന്മേലാണ് നടപടി. തൃപ്പൂണിത്തറയിലെ കേരള പൊലീസ് ഒന്ന് ബറ്റാലിയനിലെ പോത്താനിക്കാട് ഡിറ്റാച്ച്മെന്റ് ക്യാംപിൽ നടന്ന സംഭവത്തിൽ ലൈംഗികാവശ്യവുമായി മേലുദ്യോഗസ്ഥൻ ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ സമീപിച്ചതായാണ് പരാതി. പൊലീസുകാരൻ ഇത് നിരസിച്ചതോടെ കൈേയേറ്റം ചെയ്തതായും പരാതിയിൽ ആരോപിക്കുന്നുണ്ട്.
കുറ്റാരോപിതനായ പൊലീസ് ഉദ്യോഗസ്ഥനെതിരെ സമാനമായ പരാതികൾ ഇതിന് മുൻപും ഉണ്ടായിട്ടുള്ളതായാണ് ആക്ഷേപം. എന്നാൽ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടൽ മൂലം പരാതികൾ ഒതുക്കി തീർത്തതായാണ് വിവരം. നിലവിൽ ജൂനിയർ റാങ്കിലുള്ല പൊലീസ് ഉദ്യോഗസ്ഥന്റെ പരാതിയിൻമേൽ കമാൻഡന്റ് ജോസ് വി.ജോർജാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.