insta

സമൂഹമാദ്ധ്യമ പ്ളാറ്റ്ഫോമായ ഇൻസ്‌റ്റഗ്രാമിന് അജ്ഞാതമായ തകരാർ. ലോഗിൻ ചെയ്യാൻ ശ്രമിക്കുന്നവർക്ക് ഒക്‌ടോബർ 31 മുതൽ അക്കൗണ്ട് സസ്‌പെൻഡ് ചെയ്‌തതായുള‌ള സന്ദേശവും ലോഗിൻ ചെയ്യാൻ പ്രയാസവും നേരിടുന്നു. സാധാരണയായി വ്യവസ്ഥാ ലംഘനം നടത്തുന്നവരുടെ അക്കൗണ്ടുകളാണ് ഇൻസ്‌റ്റഗ്രാം ഇത്തരത്തിൽ സസ്‌പെൻഡ് ചെയ്യാറ്. എന്നാൽ ഇതൊന്നും ഇല്ലാത്തവരുടേതടക്കം നിരവധി അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്യപ്പെടുന്നതാണ് പ്രശ്‌നം.

instaa

ചിലരുടെ അക്കൗണ്ടുകളിൽ പ്രശ്‌നമുണ്ടായതായി അറിയാമെന്നും അത് പരിഹരിക്കാൻ ശ്രമം നടത്തുകയാണെന്നും കമ്പനി ട്വിറ്ററിലൂടെ അറിയിച്ചു. തടസം നേരിട്ടതിൽ ക്ഷമ ചോദിക്കുന്നതായും ഇൻസ്‌റ്റഗ്രാം അറിയിച്ചു. നേരത്തെ ഐ ഫോൺ ഉപഭോക്താക്കളിൽ പലർക്കും ആപ്പ് അപ്ഡേ‌റ്റ് ചെയ്യുമ്പോൾ പ്രവർത്തനരഹിതമാകുന്നതായി വിവരം ലഭിച്ചിരുന്നു. ഇത് പരിഹരിക്കും മുൻപാണ് പുതിയ തകരാർ. ആളുകളുടെ അക്കൗണ്ട് സസ്‌പെൻഡ് ചെയ്യപ്പെട്ടതോടെ പ്രമുഖ അക്കൗണ്ടുകളിൽ ഫോളോവേഴ്സിന്റെ എണ്ണം കുത്തനെ താഴുന്നുണ്ട്. ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ അക്കൗണ്ടിൽ മൂന്ന് മില്യൺ കുറഞ്ഞ് 493 മില്യൺ ഫോളോവേഴ്‌സായി. ഇൻസ്‌റ്റഗ്രാമിന്റെ തന്നെ അക്കൗണ്ടിൽ ഒരു മില്യൺ ഫോളോവേഴ്‌സ് കുറഞ്ഞിട്ടുണ്ട്.