
ട്വന്റി-20 ലോകകപ്പ് : ഓസീസ് 42 റൺസിന് അയർലൻഡിനെ കീഴടക്കി
ബ്രിസ്ബേൻ: ട്വന്റി-20 ലോകകപ്പിൽ ആയർലൻഡിനെ 42 റൺസിന് കീഴടക്കി ഓസ്ട്രേലിയ സെമി പ്രതീക്ഷകൾ സജീവമാക്കി. നിർണായക സമയത്ത് ഫോമിലേക്കെത്തിയ ക്യാപ്ടൻ ആരോൺ ഫിഞ്ചിന്റെ അർദ്ധ സെഞ്ച്വറിയുടെ പിൻബലത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് നേടി. പുറത്താകാതെ അർദ്ധ സെഞ്ച്വറിയുമായി ലോർകൻ ടക്കർ പൊരുതി നോക്കിയെങ്കിലും മറ്രാരും പിന്തുണയ്ക്കാനില്ലാതെ വന്നതോടെ മറുപടിക്കിറങ്ങിയ അയർലൻഡിനായി 18.1 ഓവറിൽ 137 റൺസിന് ഓൾഔട്ടാവുകയായിരുന്നു.
മൂന്നാമനായിറങ്ങിയ ടക്കർ 48 പന്ത് നേരിട്ട് 9 ഫോറും 1 സിക്സും ഉൾപ്പടെ 71 റൺസുമായി പുറത്താകാതെ നിന്നു. ബാറ്റിംഗ് പവർപ്ലേ അവസാനിക്കുന്നതിന് മുൻപ് തന്നെ അയർലൻഡിന് 5 മുൻനിര വിക്കറ്റുകൾ നഷ്ടമായിരുന്നു. നാലോവർ അവസാനിക്കുമ്പോൾ 25/5 എന്ന നിലയിലായിരുന്നു അവർ. ഓസ്ട്രേലിയക്കായി കുമ്മിൻസ്,മാക്സ്‌വെൽ,സാംപ, സ്റ്റാർക്ക് എന്നിവർ രണ്ട് വിക്കറ്ര് വീതം വീഴ്ത്തി.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസിട്രേലിയക്കായി ഫിഞ്ച് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 44 പന്ത് നേരിട്ട് 5 ഫോറും 3 സിക്സും ഉൾപ്പെടെ സ്റ്റാർക്ക് 63 റൺസ് നേടി. മാർകസ് സ്റ്റോയിനിസ് (25 പന്തിൽ 35), മിച്ചൽ മാർഷ് (28) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. അയർലൻഡിനായി മക്കാർത്തി 3വിക്കറ്റ് വീഴ്ത്തി. ജയത്തോടെ 4 മത്സരങ്ങളിൽ നിന്നുമായി 5 പോയിന്റുമായി ഓസീസ് എ ഗ്രൂപ്പിൽ രണ്ടാമതാണ്. അതേസമയം നെറ്റ് റൺറൈറ്റ് കുറവാണെന്നുള്ളത് അവർക്ക് തലവേദനയാണ്. ഒന്നാമതുള്ള ന്യൂസിലൻഡിനേക്കാളും നൂന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിനേക്കാളും പിന്നിലാണ് നെറ്റ് റൺറൈറ്റിൽ ഓസീസ്. മൂന്ന് പോയിന്റുള്ള അയർലൻഡ് നാലാമതാണ്.