 
കൊച്ചി: രാജ്യത്തിനകത്തേയ്ക്ക് വേഗത്തിലും തടസരഹിതമായും പണമയയ്ക്കുന്നതിന് ഐ.സി.ഐ.സി.ഐ ബാങ്ക് 'സ്മാർട്ട് വയർ' എന്ന പുതിയ ഓൺലൈൻ സൊല്യൂഷൻ പുറത്തിറക്കി. സ്വിഫ്റ്റ് അടിസ്ഥാനപ്പെടുത്തി തയാറാക്കിയിട്ടുള്ള സൗകര്യം ഉപയോഗിച്ച് വിദേശ ഇന്ത്യക്കാർക്കും ഇന്ത്യയിലെ താമസക്കാർക്കും ഓൺലൈനായും കടലാസ് രഹിതമായും രാജ്യത്തിനകത്തു പണമയയ്ക്കാം. ഇത്തരത്തിൽ വേഗത്തിൽ പണം സ്വീകരിക്കുന്നതിന് ഓൺലൈൻ സൊല്യൂഷൻ അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ ബാങ്കാണ് ഐ.സി.ഐ.സി.ഐ ബാങ്ക്.
വിദേശ ഇന്ത്യക്കാർക്കും ഇന്ത്യയിൽ താമസിക്കുന്നവർക്കും ഒരേപോലെ എളുപ്പത്തിലും വേഗത്തിലും തടസരഹിതമായും അതിർത്തിക്കപ്പുറത്തേക്ക് പണം കൈമാറ്റം ചെയ്യാൻ ബാങ്കിംഗ് മേഖലയിലെ ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമായ 'സ്മാർട്ട് വയർ' സൗകര്യമൊരുക്കുമെന്ന് ഐ.സി.ഐ.സി.ഐ ബാങ്കിന്റെ ഇന്റർനാഷണൽ ബാങ്കിംഗ് ഗ്രൂപ്പ് മേധാവി ശ്രീറാം എച്ച് അയ്യർ പറഞ്ഞു.
ഇന്റർനെറ്റ് ബാങ്കിംഗ് പ്ലാറ്റ്‌ഫോമിൽ ലോഗിൻ ചെയ്ത് ഉപഭോക്താക്കൾക്ക് 'സ്മാർട്ട് വയർ' സൗകര്യം ഉപയോഗിക്കാം. ഗുണഭോക്താവിന് മുൻകൂട്ടി പൂരിപ്പിച്ച വയർ ട്രാൻസ്ഫർ അഭ്യർത്ഥന ഫോം ഓൺലൈനിൽ സൃഷ്ടിക്കാം. തടസമില്ലാതെ ഇടപാടിന്റെ പ്രക്രിയയ്ക്കായി വയർ ഇടപാട് ആരംഭിക്കുമ്പോൾതന്നെ ആവശ്യമായ വിശദാംശങ്ങൾ ഓൺലൈനായി സമർപ്പിക്കാൻ സാധിക്കും. വിനിമയനിരക്ക് മുൻകൂട്ടി നിശ്ചയിക്കാൻ സാധിക്കും തുടങ്ങിയവ സ്മാർട്ട് വയറിന്റെ സവിശേഷതകളാണ്. ഇന്റർനെറ്റ് ബാങ്കിംഗ് പോർട്ടലിൽ ലോഗിൻ ചെയ്ത് എപ്പോൾ വേണമെങ്കിലും ഗുണഭോക്താവിന് ഇടപാടുകൾ നിരീക്ഷിക്കാനും ഇതിൽ സൗകര്യമുണ്ട്. ഗുണഭോക്താവ് പണം കൈമാറ്റത്തിനുള്ള അഭ്യർത്ഥന നടത്തിക്കഴിഞ്ഞാൽ വയർ ട്രാൻസ്ഫറിന്റെ പൂർണമായ വിശദാംശങ്ങൾ പണം അയയ്ക്കുന്നയാളുമായി പങ്കുവയ്ക്കപ്പെടുകയും ചെയ്യുന്നു.