
പാലോട്: 11 ഉം 14 ഉം വയസുള്ള പെൺമക്കളെ പീഡിപ്പിച്ച കേസിൽ പിതാവിന് 17 വർഷം കഠിനതടവും 65000 രൂപ പിഴയും. അത്യപൂർവമെന്ന് വിശേഷിപ്പിക്കാവുന്ന കേസിൽ നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി (പോക്‌സോ) ജഡ്ജ് കെ.പി. സുനിലാണ് പാലോട് പെരിങ്ങമ്മല ചിതറ മേലേമുക്ക് ബ്ലോക്ക് നമ്പർ 165 ൽ ഷൈജു (48) വിനെ ശിക്ഷിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ 14 മാസംകൂടി കഠിനതടവ് അനുഭവിക്കണം. പെൺ മക്കളെ ബാല്യകാലം മുതൽ ലൈംഗികമായി ഇയാൾ പീഡിപ്പിക്കുകയായിരുന്നു. ഉപദ്രവം സഹിക്കവയ്യാതെ കുട്ടികളുടെ അമ്മ ഉപേക്ഷിച്ചുപോയിരുന്നു.
മൂന്ന് വയസു മുതൽ രണ്ടു കുട്ടികളും അനാഥാലയത്തിൽ നിന്നാണ് പഠിച്ചിരുന്നത്. അവധിക്ക് വീട്ടിൽ വരുമ്പോഴെല്ലാം അപ്പുപ്പനും അമ്മുമ്മയും ഇല്ലാത്ത നേരംനോക്കി പീഡിപ്പിക്കുമായിരുന്നു ഇയാൾ. ഇത് സ്ഥിരമായപ്പോൾ കുട്ടികൾ വീട്ടിലേക്ക് വരാതായി. എല്ലാവരും അവധിക്കാലത്ത് നാട്ടിൽ പോകുമ്പോൾ ഇവർ മാത്രം മടികാട്ടിയിരുന്നു. ഇതെന്തെന്ന് അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തായത്. രണ്ടുപേരും പീഡന സംഭവങ്ങൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയോട് പറഞ്ഞു.രണ്ട് കേസായാണ് ചാർജ് ചെയ്തത്. ഒരു കേസിൽ 13 സാക്ഷികളെ വിസ്തരിച്ചു. 15 രേഖ പ്രോസിക്യൂഷൻ ഹാജരാക്കി. രണ്ടാമത്തേതിൽ 17 സാക്ഷികളെ വിസ്തരിച്ചു . പ്രോസിക്യൂഷൻ 20 രേഖ ഹാജരാക്കി.പിഴത്തുക രണ്ട് ഇരകൾക്കുമായി നൽകാൻ പോക്‌സോ ജഡ്ജ് വിധിച്ചു.അഡ്വ. സരിത ഷൗക്കത്തലി പ്രോസിക്യൂഷനു വേണ്ടി ഹാജരായി. എയ്ഡ് പ്രോസിക്യൂഷന്റെ ഭാഗമായി സുനിത സഹായിയായി. പാലോട് സി.ഐ മാരായ കെ.ബി. മനോജ് കുമാർ, ബി. അനിൽകുമാർ എന്നിവരാണ് രണ്ട് കേസിന്റെയും അന്വേഷണച്ചുമതല നിർവഹിച്ചിരുന്നത്.